Articles

കുപ്പായവും കുരിശും പിന്നെ ജോണും:പാസ്റ്റര്‍ തോമസ് കുര്യന്‍, ന്യൂയോര്‍ക്ക്.

അടുത്ത സമയങ്ങളില്‍ വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന ഒരു പ്രധാന വിഷയമാണ്കുപ്പായവും കുരിശും. ഇങ്ങനെയുള്ള വിഷയങ്ങളെ ആസ്പദമാക്കി ലേഖനങ്ങളും, പ്രസ്താവനകളും, ഡിബേറ്റുകളും, പ്രസംഗങ്ങളും, സംഭാഷണങ്ങളും ഉണ്ടാകുന്നതു , സ്വോഭാവികമായ കാര്യമാണ്.
കാര്യപ്രശസ്തമല്ലാത്ത പല പഴഞ്ചന്‍ വിഷയങ്ങള്‍ക്കും മീഡിയായില്‍ പ്രാധാന്യതയേകുന്നതിന്റെ പിന്നില്‍ പല വിഷയങ്ങള്‍ ഉണ്ടെങ്കിലും അതില്‍ പരമപ്രധാനമായ ഒന്നാണ് രാഷ്ട്രീയം. ഇന്ന് ഭാരതമെന്ന മഹാരാജ്യം അടെച്ച് ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി, വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് തീ കൊളുത്തി അത് ഇന്ത്യയുടെ എല്ലാ സ്റ്റേറ്റുകളിലേക്കും വ്യാപിച്ച് ആ തീജ്വാലയിലേക്ക് കേവലം വിരല്‍ തുമ്പില്‍ എണ്ണാവുന്ന ശതമാനത്തിലൊതുങ്ങുന്ന ക്രിസ്ത്യാകളെ തള്ളിയിടുന്ന കാഴ്ചയാണ് നാം കണ്ടുവരുന്നത്.
എല്ലാ മതങ്ങള്‍ക്കും സ്വാതന്ത്ര്യം ഉള്ള നിയമങ്ങള്‍ തങ്കലിപികളില്‍ എഴുതി സൂക്ഷിച്ചിരിക്കുന്ന സംസ്‌കാരമുള്ള മഹാഭാരതത്തില്‍ ക്രിസ്ത്യാനികളെ നീചമായ രീതിയില്‍ തല്ലിച്ചതയ്ക്കുന്ന കാഴ്ച നിത്യവും വീഡിയോയില്‍ കാണുമ്പോള്‍ ഇന്ത്യയുടെ ഇന്നത്തെ ഭരണാധിപരെ ഓര്‍ത്ത് ലജ്ജിക്കുന്നു. ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ എണ്ണം ദിവസംതോറും വര്‍ദ്ധിച്ചു വരുന്നുവെന്ന അറിവ് കപടകഷായ വേഷധാരികളുടെ ഉള്ളില്‍ അങ്കലാപ്പ് ഉണ്ടാക്കി. ക്രിസ്ത്യാനികളില്‍ തന്നെ സത്യവേദ പുസ്തകത്തെ അതിന്റേതായ പൂര്‍ണ്ണ അര്‍ത്ഥത്തിലും, സത്യത്തിലും പിന്‍തുടരുവാന്‍ ഇറങ്ങിപുറപ്പെട്ട കൂട്ടമാണല്ലോ പെന്തക്കോസ്ത്കാര്‍. ഇക്കൂട്ടരുടെ വളര്‍ച്ചയെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് ഹിന്ദുക്കളോ, മുസ്ലീമുകളോ അല്ല ക്രിസ്ത്യാനികള്‍ തന്നെയായിരുന്നു. ബിംബാരാധനയും, പുരോഹിത വസ്ത്രവും, കുരിശും ദൈവവചനാടിസ്ഥാനത്തില്‍ പുതിയ നിയമ സഭയ്ക്ക് ആവശ്യമുള്ളതല്ലയെന്ന് പുതിയ നിയമത്തില്‍ നിന്നും പഠിച്ച ഭക്തന്മാരായ ദൈവദാസന്മാര്‍ കഷ്ടതയുടെ തീച്ചൂളയില്‍ കൂടി കടന്ന് പൊയ്‌കൊണ്ടിരുന്ന കാലയളവിലും വഴിയിലും, വഴിക്കോണുകളിലും, ചന്തയിലും, വീട് വീടാന്തരം കയറിയിറങ്ങി മനുഷ്യമനസ്സിന്റെ ഉള്ളിലേക്ക് കുത്തിനിറച്ച് അവരെ പുത്തന്‍ സമൂഹമായി വെളിയില്‍ കൊണ്ട് വന്നതിന്റെ പിന്നില്‍ അനേക കഷ്ടനഷ്ടങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. അങ്ങനെ പെന്തക്കോസ്ത് അനുഭവം അനുകരിച്ചവരുടെ സംഖ്യ വര്‍ദ്ധിച്ച് വന്നുവെന്നുമാത്രമല്ല. ദൈവാനുഗ്രഹത്താല്‍ അവരില്‍ നല്ലൊരു പങ്കിന്റെയും കഷ്ടതയും പട്ടിണിയും മാറി സമൂഹത്തില്‍ ഉന്നത പദവിയിലേക്ക് കുതിച്ചുയര്‍ന്നത് ചെറിയ കാലയളവ് കൊണ്ടാണ്. ഒന്നും ഇല്ലായ്മയില്‍ നിന്നും എല്ലാ നന്മയിലേക്കും ചവിട്ടികയറിയ പെന്തക്കോസ്ത് അനുഭാവികളുടെ അഹങ്കാരം അത്യുന്നത പദവിയിലേക്കും കാട് കയറിയത് കൂടെപ്പിറപ്പുകള്‍ ഗള്‍ഫിലും, അമേരിക്കയിലേക്കും ഉള്ള യാത്രയോടെയായിരുന്നു. എല്ലാം നേടിക്കഴിഞ്ഞപ്പോള്‍ തഴപായ് പട്ട്‌മെത്തയായി, ഒറ്റമുണ്ട് സ്യൂട്ടായി, ഇരുമ്പ് പിഞ്ഞാണത്തിലെ കഞ്ഞി മട്ടനും ചിക്കനും ബസുമതിയരിയും കൈക്കലാക്കി. സുഖലോലുപതയിലേക്ക് അനായാസം എത്തിച്ചേര്‍ന്ന പെന്തക്കോസ്ത്കാര്‍ സ്‌തോത്രം വെറും സൂത്രമാക്കി. രാവിലെയും വൈകിട്ടും ഉള്ള കരഞ്ഞുപ്രാര്‍ത്ഥനകള്‍ വെറും ജല്പനമായി മാറി….. ആദിമകാല അനുഭവത്തില്‍ സഭായോഗത്തിന് ശുഭ്രവസ്ത്രധാരികളായി പോയവര്‍ സഭകളെ ഉടയാടകളെ പ്രദര്‍ശിപ്പിക്കുന്ന ക്ലബുകളാക്കി മാറ്റി. അതും പോരാഞ്ഞ് അനേകരുടെ പ്രാര്‍ത്ഥനയുടെയും പ്രയത്‌നത്തിന്റെയും ഫലമായി എല്ലാം ഉപേക്ഷിച്ച് കുപ്പായവും കുരിശും എല്ലാം വെളിപറമ്പിലേക്ക് എറിഞ്ഞുകളഞ്ഞതിനെ തിരികെ പ്രാപിക്കാന്‍ വെമ്പല്‍ കൊള്ളുന്ന പരീശ ഭക്തന്മാരെ ഓര്‍ത്ത് ലജ്ജിക്കുന്നു.
എല്ലാവരും രാജകീയ പുരോഹി വര്‍ഗ്ഗമാണെന്ന് പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തവര്‍ മേലദ്ധ്യക്ഷന്മാരും മെത്രാന്മാരുമാകാന്‍ കളം ഒരുക്കുന്ന നിര്‍ഭാഗ്യകരമായ കാഴ്ച എല്ലാം വിട്ട് ഇറങ്ങിയ ഭക്തന്മാരെ അമ്പരിപ്പിച്ചു.
മാനവരാശിയുടെ രക്ഷയ്ക്കായി സ്വര്‍ഗ്ഗ മഹിമകളെ വെടിഞ്ഞ് ഈ ഭൂമിയിലേക്ക് ഇറങ്ങി വന്ന യേശുക്രിസ്തു പ്രത്യേക തരം കുപ്പായം തന്റെ ശുശ്രൂഷാ വേളയില്‍ ധരിച്ചതായി വചനത്തില്‍ കാണുന്നില്ല. അപ്പോസ്തലന്മാര്‍ ആരും പ്രത്യേക വസ്ത്രം ധരിക്കുകയോ കുരിശും എടുത്തും കൊണ്ട് നടക്കുകയോ അത് ധരിക്കുകയോ ചെയ്തതായ് പുതിയനിയമത്തില്‍ കാണുന്നില്ല. ഇവരാരും മാളികകളോ, മണി അടിക്കുന്ന പള്ളികളോ ഉണ്ടാക്കി അതില്‍ ആരാധിച്ചതായി കാണുന്നില്ല. അതുകൂടാതെ നിങ്ങളുടെ കണ്ണുകളെ തുറപ്പിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് ജോണ്‍. പഴയനിയമവും പുതിയനിയമവും ജോണിന്റെ ജന്മത്തെപ്പറ്റി എഴുതിയിട്ടുണ്ട്. മത്തായിയുടെ സുവിശേഷത്തില്‍(11:11) സ്ത്രീകളില്‍ നിന്നും ജനിച്ചവനില്‍ ഈ ജോണിനെപ്പോലെ ആരും ഇതുവരെ ജനിച്ചിട്ടില്ലയെന്നാണ് എഴുതിയിരിക്കുന്നത്. വൈദ്യനായ ലൂക്കോസ് എഴുതിയിരിക്കുന്ന വചനം കുറെകൂടെ അര്‍ത്ഥവത്താണ് ഇരുവരും (യേശുവും യോഹന്നാനും) ദൈവസന്നിധിയില്‍ നീതിയുള്ളവരും കര്‍ത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുറ്റമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു.(ലൂക്കോസ്1:6) യെഹൂദാ മതപുരോഹിത കുടുംബത്തില്‍ ജനിച്ച യോഹന്നാന്‍ (ജോണ്‍)യേശുവിന്റെ ശുശ്രൂഷാകാലയളവിന് മുന്‍പെ അവന് വേണ്ടി വഴിയൊരുക്കി സഞ്ചരിക്കുകയും സാക്ഷാല്‍ രക്ഷകനായ യേശുക്രിസ്തുവിനെ ജലത്തില്‍ സാക്ഷികുറിച്ചവനുമാണ്.
കുപ്പായം പോയിട്ട് സാധാരണക്കാരന്‍ ധരിക്കുന്ന വസ്ത്രംപോലും ജോണിനില്ലായിരുന്നു. പ്രവാചകനായ സ്‌നാപക യോഹന്നാന്‍ ധരിച്ചവസ്ത്രം ഒട്ടകരോമം കൊണ്ടുള്ള ഉടുപ്പും അരയില്‍ തോല്‍വാറും ആയിരുന്നു. അവന്റെ ആഹാരം വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു. അനേകര്‍ അവന്റെ അടുക്കല്‍ ഓടികൂടി പാപങ്ങളെ ഏറ്റുപറഞ്ഞു ജലത്തില്‍ സ്‌നാമേറ്റ ്‌ദൈവസഭയോട് ചേര്‍ന്നു. ജോണിന് ശുശ്രൂഷയ്ക്ക് കുപ്പായവും കുരിശും ആവശ്യമില്ലയെങ്കില്‍, ശിഷ്യന്മാര്‍ക്ക് വേണ്ടായിരുന്നെങ്കില്‍, നമ്മുടെ രക്ഷകനായ യേശുവിന് വേണ്ടായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് നമുക്ക്. ഇന്നത്തെ ആധുനിക ദൈവഭക്തന്മാരായി വേദികളില്‍ അവതരിക്കുന്ന ചില പാസ്റ്റര്‍മാരുടെ നീണ്ട വെള്ള വസ്ത്രത്തിന് മുകളില്‍ അവര്‍ അരയില്‍ കെട്ടിയിരിക്കുന്ന കറുത്ത ബല്‍റ്റ് ഊരി വസ്ത്രത്തിന് പുറത്ത് കെട്ടിയാല്‍ അച്ചന്മാര്‍ക്ക് തുല്യരായിത്തീരും. ചില ഡോക്ടറേറ്റ് നേടിയ ഭക്തന്മാര്‍ മോഡി സ്റ്റൈല്‍ മാത്രമേ ധരിക്കുകയുള്ളൂ. ചിലര്‍ക്ക് നെഹറുകോട്ട് ഹരമാണ്. പ്രിയ നേതാക്കളെ ഈ വേഷം കെട്ട് അവസാനിപ്പിച്ച് നശിച്ച് പോകുന്ന ആത്മാക്കളെ നേടുവാന്‍ ക്രിസ്തുവിന്റെ പാത പിന്‍തുടരുക. കപടവേഷ ധാരികളുടെ കാപട്യം അറിയുന്ന ദൈവം കാഷായവേഷധാരികളെ കൊണ്ട് നിങ്ങള്‍ക്ക് മറുപടി തരുന്നതില്‍ അത്ഭുതമില്ല. മടങ്ങി വരൂ…..കാലം ഏറെ കഴിയാറായ് കാന്തനെ എതിരേല്‍ക്കാന്‍ നമുക്ക് ഒരുങ്ങാം.
പാസ്റ്റര്‍ തോമസ് കുര്യന്‍, ന്യൂയോര്‍ക്ക്.

 

Leave a Reply

Your email address will not be published. Required fields are marked *