Articles

ബാബേലിലെ കലക്കവും മാളികമുറിയിലെ കുലുക്കവും

ബാബേലിലെ കലക്കവും മാളികമുറിയിലെ കുലുക്കവും
ജോണ്‍സണ്‍ കണ്ണൂര്‍
9847518230

നമുക്ക് ഒരു പട്ടണം നമ്മുടെ ഒരു പേര് എന്നതായിരുന്നു ബാബേലിലെ ആപ്തവാക്യം. ഇത് പൂര്‍ത്തീകരിക്കുവാന്‍ അവര്‍ ഐക്യതയോടെ നിന്നു.
എന്നാല്‍ മാളികമുറിയില്‍ കൂടിയിരുന്നവരുടെ ഐക്യത പേരുണ്ടാക്കാനല്ല, മറിച്ച് ശക്തി ലഭിച്ചിട്ട് ക്രിസ്തുവിനുവേണ്ടി സാക്ഷികളാകുവാനാണ്.

ബാബേല്‍ ഗോപുരങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന ആധുനിക യുഗത്തില്‍ ഈ ചിന്തയ്ക്ക് പ്രസക്തിയുണ്ട്.
സ്വന്തം പേര് ഉയര്‍ത്തുവാന്‍ പരിശ്രമിച്ചതൊക്കെ കലക്കത്തില്‍ അവസാനിച്ചു. കര്‍ത്താവിന്റെ നാമം മഹത്വപ്പെടുവാനായി കൂടിവന്നിടത്ത് ഉണ്ടായ കുലുക്കം ആയിരങ്ങളില്‍ പരിവര്‍ത്തനം ഉണ്ടാക്കി ബാബേലില്‍ യഹോവ ഇറങ്ങിവന്നപ്പോള്‍ ഒന്നിച്ച് ഐക്യമായ് നിന്നവര്‍ ചിതറി ഓടി. ഒരിക്കലും ചേര്‍ന്നു വരാന്‍ കഴിയാത്ത ഓട്ടമായിരുന്നു. മാളികമുറിയില്‍ ദൈവശക്തി വന്നപ്പോള്‍ വിശ്വസിച്ചവരുടെ കൂട്ടം പെരുകി. പല ചിന്താഗതിക്കാര്‍ ഒരു കുടക്കീഴിലായ്. പിന്നീട് പീഡനംകൊണ്ട് ചിതറിയെങ്കിലും ഹൃദയം കൊണ്ട് ഒന്നായ് നിന്നു.

വിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സുമുള്ളവരായിരുന്നു. ബാബേലിലെ കലക്കത്തില്‍ ഒരു ഭാഷയായിരുന്നവരില്‍ പല ഭാഷയായ് സംസാരിക്കുന്നത് തമ്മില്‍ ഗ്രഹിക്കാതെയായി. മാളികമുറിയിലെ കുലുക്കത്തില്‍ ഗലീലക്കാര്‍ മറ്റു രാജ്യക്കാരുടെ ഭാഷ സംസാരിക്കാന്‍ തുടങ്ങി. ബാബേലിലെ കലക്കത്തില്‍ ഒരു പണി അവസാനിച്ചു. മാളികമുറിയിലെ കുലുക്കത്തിന് ശേഷം ദൈവസഭയുടെ പണി ആരംഭിച്ചു.
ബാബേലില്‍ പണിയുവാന്‍ ഉപയോഗിച്ച വസ്തുക്കള്‍ ഇഷ്ടക, പശമണ്ണ്, കുമ്മായം എന്നിവയാണ്. ഇന്നും ചിലരൊക്കെ ഈ വിധത്തിലുള്ള പണിയാണ് നടത്തുന്നത്. അതേസമയം പൊന്ന്, വെള്ളി, വിലയേറിയ കല്ല് എന്നിവകൊണ്ട് പണിയുന്നുവെങ്കില്‍ നിലനില്ക്കും. തീയില്‍ഇടുമ്പള്‍ വെട്ടിത്തിളങ്ങും. വെട്ടുകുഴിയില്‍വച്ചുതന്നെ കുറവ് തീര്‍ത്ത ജീവനുള്ള കല്ലുകളായവരെ ചേര്‍ത്ത് പണിയുന്നതിന്റെ ആരംഭമാണ് മാളികമുറിയിലെ കുലുക്കം.
ഇവിടെ ചിലരൊക്കെ ചിലത് ചെയ്ത് വിജയിക്കുമ്പോള്‍ അവ ദൈവപ്രസാദം കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത്.

”അവര്‍ ചെയ്‌വാന്‍ നിരൂപിക്കുന്നതൊന്നും അവര്‍ക്ക് അസാദ്ധ്യമാകയില്ല” (ഉല്പ. 11:6).
ബാബേലില്‍ പണി തുടങ്ങി പെട്ടെന്ന് വിജയിച്ചു. എന്നാല്‍ ദൈവഹിതമല്ലായിരുന്നു. ദൈവപ്രസാദമല്ലാത്തതും അതിവേഗം മുന്നേറാം. മാളികമുറിയില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് പരസ്യങ്ങളില്ല. നോട്ടീസും ബാനറും ഇല്ല. എന്നാല്‍ ദൈവഹിതപ്രകാരമായിരുന്നു. അന്ന് തുടങ്ങിയ പണി ഇന്നും അനുസ്യൂതം തുടരുന്നു. ഒരു പാതാളഗോപുരങ്ങള്‍ക്കും അതിനെ ജയിക്കാന്‍ കഴിയില്ല. മാളികമുറിയിലെ ഒത്തുചേരല്‍ ആത്മീയ ശുശ്രൂഷകള്‍ക്കുവേണ്ടി മാത്രമായിരുന്നു. അതിന്റെ പിന്നില്‍ സാമ്പത്തിക നേട്ടം ലവലേശമില്ലായിരുന്നു. അധികാര കസേരയ്ക്കുവേണ്ടിയുള്ള വടംവലി അവര്‍ക്കിടയില്‍ കാണ്മാനില്ല.

ഭിന്നത വെടിയാം ഒന്നാം എന്ന് അടികള്‍ ആവര്‍ത്തിച്ച് പാടി ആത്മാവിലാകുന്നവര്‍ സ്റ്റേജില്‍ നിന്ന് ഇറങ്ങികഴിയുമ്പോള്‍ പാനലും വോട്ടും കാലുവാരലും തന്ത്രങ്ങളും കുതന്ത്രങ്ങളും മെനയുന്നു. അന്യഭാഷയുടെ ലേബലില്‍ ആത്മീയരായി പ്രദര്‍ശിപ്പിക്കപ്പെടുന്നു. പേരും പണവും പ്രതാപവും ഉണ്ടാക്കിയെടുക്കാന്‍ ഐക്യത കാണിച്ചവര്‍ പണി പകുതിയായപ്പോള്‍, അവസാനിപ്പിക്കുന്ന സാഹചര്യമാണ് ഉല്പ. 11-ാം അദ്ധ്യായത്തില്‍ കാണുന്നത്. ദൈവഹിതമല്ലാത്ത പണികളും കൂട്ടുകെട്ടുകളും വേദികള്‍ക്കും പണത്തിനും വേണ്ടിയുള്ള പാനലുകളും പാളിപ്പോകും.
യേശു പറഞ്ഞു: ”ഞാന്‍ എന്റെ സഭയെ പണിയും. പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കയില്ല. മാളികമുറിയില്‍ കൂടിയിരുന്നവര്‍ ഒന്നും സ്വന്തമെന്ന് കരുതാതെ എല്ലാം പൊതുവകയെന്ന് എണ്ണി ജീവിച്ചു.
ഇന്നോ കാലം മാറി അവനവന്റെ സാമ്രാജ്യം കെട്ടിപ്പൊക്കുകയാണ്. അതിനുവേണ്ടി ആത്മീയതയേയും പ്രാര്‍ത്ഥനയേയും കൂട്ടുപിടിക്കുന്നുവെന്ന് മാത്രം. ”നീയോ പ്രാര്‍ത്ഥിക്കുമ്പോള്‍ അറയില്‍ കടന്നു വാതില്‍ അടച്ച് രഹസ്യത്തിലുള്ള നിന്റെ പിതാവിനോട് പ്രാര്‍ത്ഥിക്ക (മത്താ. 6:6). യേശു പഠിപ്പിക്കുന്നത് ഇങ്ങനെ പ്രാര്‍ത്ഥിക്കുവാനാണ്.

എന്നാല്‍ പഴയനിയമത്തില്‍ ഉപവാസം പരസ്യം ചെയ്ത സന്ദര്‍ഭങ്ങളുണ്ട്. എസ്ഥേര്‍ 4:16 ല്‍ മൂന്ന് ദിവസം രാവും പകലും തിന്നുകയോ കുടിക്കുകയോ ചെയ്യാതെ ഉപവസിക്കുന്നതായി കാണുന്നു. യോനാ. 3:5 ല്‍ ”എന്നാല്‍ നിനവേക്കാര്‍ ദൈവത്തില്‍ വിശ്വസിച്ചു ഒരു ഉപവാസം പരസ്യം ചെയ്തു. വലിയവരും ചെറിയവരും ഒരുപോലെ രട്ടുടുത്തു. ഇവയൊക്കെ പ്രത്യേക വിഷയത്തോടുള്ള ബന്ധത്തില്‍ ദൈവസന്നിധിയില്‍ നിലവിളിക്കുന്ന രംഗങ്ങളാണ്. ദൈവസഭ വളരെ പ്രതിസന്ധികളിലൂടെ പോകുന്ന ഈ നാളുകളില്‍ അതതു പ്രസ്ഥാനങ്ങളുടെ സ്വന്തം മൈതാനത്ത് സഭാസംഘടന വ്യത്യാസമില്ലാതെ പ്രസ്തുത പ്രദേശത്തുള്ളവര്‍ ആത്മഭാരത്തോടും ഹൃദയനുറുക്കത്തോടും ഭക്ഷണം വെടിഞ്ഞ് പ്രാര്‍ത്ഥിക്കട്ടെ. ഇവിടെ സംഘടനാ സ്പിരിറ്റ് പാടില്ല. കേരളത്തിന്റെ വടക്കേ അറ്റം മുതല്‍ പാറശാല വരെ നിലവിലുള്ള സഭാ ഹോളുകളിലും മൈതാനങ്ങളിലുമായി വേര്‍തിരിച്ച് മറന്ന് മുഴങ്കാലില്‍ ഇരുന്നു കരയണം. പൈശാചിക കോട്ടകള്‍ തകരും. ചിലയിടത്തൊക്കെ കുലുക്കം തട്ടും. ഇതിന് ലക്ഷക്കണക്കിന് പണം വേണ്ട. ആത്മാര്‍ത്ഥത മതി. വലിയ ദൈവപ്രവൃത്തി വെളിപ്പെടും. എന്നാല്‍ യെശയ്യാ പ്രവാചകന്‍ വിളിച്ചുപറയുന്നു:
”നീതിയോടും ഉത്സവ യോഗവും എനിക്ക് സഹിച്ചുകൂടാ. നിങ്ങളുടെ അമാവാസികളെയും ഉത്സവങ്ങളേയും ഞാന്‍ വെറുക്കുന്നു. അവ എനിക്ക് അസഹ്യം. ഞാന്‍ അവ സഹിച്ച് മുഷിഞ്ഞിരിക്കുന്നു. നിങ്ങള്‍ കൈ മലര്‍ത്തുമ്പോള്‍ ഞാന്‍ എന്റെ കണ്ണ് മറച്ച്കളയും. നിങ്ങള്‍ എത്രതന്നെ പ്രാര്‍ത്ഥിച്ചാലും ഞാന്‍ കേള്‍ക്കയില്ല. നിങ്ങളുടെ കൈ രക്തംകൊണ്ട് നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ പ്രവര്‍ത്തികളുടെ ദോഷത്തെ എന്റെ കണ്ണിന് മുമ്പില്‍ നിന്ന് നീക്കിക്കളവിന്‍; തിന്മ ചെയ്യുന്നത് മതിയാക്കുവിന്‍ നന്മ ചെയ്‌വാന്‍ പഠിപ്പിന്‍” (1:14-16).
ഹൃദയം കൊണ്ട് ഒരു മാനസാന്തരവും ഉള്ളിന്റെ ഉള്ളില്‍നിന്ന് ഐക്യതയും ഉണ്ടാകാതെ എത്ര പ്രാര്‍ത്ഥിച്ചാലും ഫലമില്ല. ആകയാല്‍ മാനസാന്തരത്തിലേക്കു മടങ്ങിവരാം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവാചകനില്‍കൂടി അരുളിചെയ്ത പ്രവചനങ്ങളുടെ നിവര്‍ത്തി ആയിരുന്നു മാളികമുറിയിലെ കുലുക്കമെങ്കില്‍ നമ്മെക്കുറിച്ചും നമ്മുടെ കുടുംബത്തെക്കുറിച്ചും നമ്മുടെ ഭാവിപ്രത്യാശയെക്കുറിച്ചും (നിത്യത) കാലങ്ങള്‍ക്കുമുമ്പ് അറിയിച്ചിട്ടുള്ള വാഗ്ദത്തങ്ങളുടെ നിറവേറലുകള്‍ വെളിപ്പെടുന്ന സുദിനങ്ങളാണ്. അതിനായി പ്രതീക്ഷയോടെ കാത്തിരിക്കാം – മാറാനാഥാ…

Leave a Reply

Your email address will not be published. Required fields are marked *