കുമ്പനാട് : ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ 94 – മത് അന്തർദേശീയ കൺവൻഷൻ കുമ്പനാട് ഹെബ്രോൻപുരത്തു ആരംഭിച്ചു. ജനുവരി 14 ന്, ഐപിസി ജനറൽ പ്രസിഡന്റ് പാ. ജേക്കബ് ജോൺ പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്ത മഹായോഗത്തിൽ ഐപിസി ജനറൽ സെക്രട്ടറി പാ. കെ. സി. ജോൺ അദ്ധ്യക്ഷനായിരുന്നു. നാം പരിശുദ്ധാത്മാവിന്റെ ശക്തിയുള്ളവരാകുക എന്നാല് ദൈവം സഭയെ പണിയും; എന്ന് ഉത്ഘാടന പ്രസംഗത്തിൽ ജനത്തെ ആഹ്വാനം ചെയ്തു.പാ. തോമസ് ഫിലിപ്പ് (ജനറൽ ജോയിന്റ് സെക്രട്ടറി) സ്വാഗതം അറിയിക്കുകയും, പാ. സി. സി. എബ്രഹാം സങ്കീർത്തന വായനയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു.
പാസ്റ്റർമാരായ കെ. ജെ. തോമസ് (കുമളി), കെ. എം. ജോസഫ് (പെരുമ്പാവൂർ) എന്നിവർ മുഖ്യ സന്ദേശം നൽകി. ‘പരിശുദ്ധാത്മാവിന്റെയും ശക്തിയുടെയും അഭിഷേകം’ (അപ്പൊ : 10:38) എന്നതാണ് ഈ വർഷത്തെ കൺവൻഷൻ ചിന്താവിഷയം.കേന്ദ്രമന്ത്രി ശ്രീ. അൽഫോൻസ് കണ്ണന്താനം ആശംസകൾ അറിയിച്ചു. ഭരണഘടന അനുശാസിക്കുന്ന എല്ലാ സ്വാതന്ത്ര്യങ്ങളും രാജ്യത്തിലെ പൗരന്മാർക്കു ഉറപ്പാക്കുകയാണ് തന്റെയും താൻ പ്രതിധാനം ചെയുന്ന മോഡി സർക്കാരിന്റെയും ഉത്തരവാദിത്വമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി. ശ്രീ. ആന്റോ ആന്റണി എം. പി. ആശംസകൾ അറിയിച്ചു. ജനറൽ ഉപാദ്ധ്യക്ഷൻ പാ. വിൽസൺ ജോസഫ്, പാ. ഷിബു നെടുവേലിൽ, പാ. രാജുപൂവക്കാല, പാ. കെ. സി. തോമസ്, പാ. ബെഞ്ചമിൻ വര്ഗീസ് എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സാം കുഴിക്കാലാ, റോയി പൂവക്കാല, അജി കല്ലുങ്കൽ എന്നിവർ കൺവൻഷൻ ക്വയറിനോടൊപ്പം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകി.ജനുവരി 21 ഞാറാഴ്ച, സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടി സമാപിക്കുന്ന ഒരാഴ്ചത്തെ മഹാസമ്മേളനത്തിൽ ഒരുലക്ഷത്തിലധികം പേർ പങ്കെടുക്കും. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നും ഏറ്റവും അധികം പേർ പങ്കെടുക്കുന്ന കേരളത്തിലെ ക്രൈസ്തവകൺവൻഷനിൽ പൊതുയോഗങ്ങൾ, വേദവചന പഠനം, കാത്തിരിപ്പ് യോഗങ്ങൾ, ഹെബ്രോൻ ബൈബിൾ കോളേജ് പി. ജി. ഗ്രാജുവേഷൻ, ഇംഗ്ലീഷ്ഹിന്ദി പ്രത്യേക സമ്മേളനങ്ങൾ, ജനറൽ – സ്റ്റേറ്റ് സോദരി സമാജം സമ്മേളനം, യുവജന സമ്മേളനം, ഐപിസി ഗ്ലോബൽ മീറ്റ്, PYPA – സൺഡേ സ്കൂൾവാർഷികം, പ്രവാസി വിശ്വാസി സമ്മേളനം, എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
