Articles

കെണിയായി വരുവാന്‍ സാദ്ധ്യതയുള്ളത്…… പാസ്റ്റര്‍ ബി മോനച്ചന്‍.

കുടുംബജീവിതത്തെക്കുറിച്ച് എഴുതി വന്ന വിശുദ്ധ പൗലോസ് എബ്രായ ലേഖനത്തില്‍ അടുത്തതായി എഴുതിയ പദം ശ്രദ്ധേയമാണ്. നിങ്ങളുടെ നടപ്പ് ദ്രവ്യാഗ്രഹമില്ലാത്തത് ആയിരിക്കട്ടെ. ഉള്ളതു കൊണ്ട് തൃപ്തിപ്പെടുവിന്‍. ഞാന്‍ നിന്നെ ഒരു നാളും കൈവിടുകയില്ല ഉപേക്ഷിക്കയുമില്ല എന്ന് അവന്‍ അരുളി ചെയ്തിരിക്കുന്നുവല്ലോ(എബ്രാ 13:4 -6).
യഥാര്‍ത്ഥത്തില്‍ ഇന്ന് മനുഷ്യന്റെ പല പ്രശ്‌നങ്ങള്‍ക്കും കാരണം ഇവിടെ കാണാം. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുവാന്‍ മനസ്സില്ല. അപ്പുറത്തെ അയല്‍ക്കാരന് എന്തൊക്കെയുണ്ട് അതിനപ്പുറം എനിക്കും വേണം എന്ന തിന്ത അകത്ത് വരുമ്പോള്‍ മത്സര ബുദ്ധിയോട് ധനത്തിനായി ഓടുന്നു. ചിലര്‍ കടം വാങ്ങിക്കൂട്ടുന്നു. പലിശയ്ക്ക് എടുക്കുന്നു. ഒടുവില്‍ കടം കുമിഞ്ഞ് കൂടുന്നു. വീട്ടുവിന്‍ നിവൃത്തിയില്ലാതെ വരുമ്പോള്‍ വീട്ടില്‍ അലോസരമായി, തമ്മിലടിയായി, ജപ്തിയായി, കേസും വഴക്കും ആകുന്നു നമ്മുടെ നാട്ടില്‍ ആണെങ്കില്‍ ഒടുവില്‍ കുടുംബം മുഴുവനായോ തനിച്ചോ ആത്മഹത്യയില്‍ അവസാനിക്കുന്നു. ഇത് ലോകമെങ്ങുമുള്ള പ്രതിഭാസമാണ്. മനുഷ്യരില്‍ ദ്രവ്യാഗ്രഹ പിശാച് കയറിയിട്ട് അവര്‍ കാട്ടികൂട്ടുന്നത് എന്തൊക്കെയാണെന്ന് നാം കണ്ട് കൊണ്ടിരിക്കുകയാണല്ലോ.
സമ്പന്ന രാജ്യങ്ങളില്‍ താമസിക്കുന്നവരിലും ഉപജീവന ചിന്തയുണ്ട്. പട്ടിണിക്കാരന് അന്നത്തെ ആഹാരം, വസ്ത്രം, മക്കളുടെ ഫീസ് എന്നിവയെക്കുറിച്ചുള്ള ചിന്താഭാരമാണെങ്കില്‍ സമ്പന്നര്‍ക്ക് ഇപ്പോള്‍ ഉള്ളതിനെക്കാള്‍ വലിയ വീടും വലിയ കാറും വര്‍ദ്ധിച്ച ബാങ്ക് നിക്ഷേപവും തേടിയുള്ള പരക്കം പാച്ചിലും ചിന്താഭാരവുമാണ്. നമ്മുടെ നാട്ടില്‍ പറയും ഉറുമ്പിന് അരി ഭാരം ആനയ്ക്ക് തടി ഭാരം എന്ന് എന്തായാലും എല്ലാവരും ഭാരം ചുമക്കുകയാണ് എന്തിനെന്നറിയില്ല എന്തു കിട്ടിയിട്ടും മനുഷ്യന്‍ തൃപ്തനാകുന്നില്ല. മനുഷ്യന്റെ ഉള്ളില്‍ ഈ ആര്‍ത്തി കൊടുക്കുന്നത് പിശാചല്ലാതെ മറ്റാരാണ്. സ്‌നേഹിതരെ, ആവശ്യത്തിന് എല്ലാം വേണം എന്നാല്‍ അത്യാര്‍ത്തി അരുത്. പടിപടിയായുള്ള ഉയര്‍ച്ച ആഗ്രഹിക്കുക വരവിന് അനുസരിച്ചുള്ള ചിലവ് മാത്രം ചെയ്യുക. കടം കിട്ടും എന്നതിനാല്‍ കടം വാങ്ങിയുള്ള ധൂര്‍ത്തടിക്കല്‍ അവസാനിപ്പിക്കുക. നിങ്ങളുടെ ഇപ്പോഴത്തെ ആവശ്യത്തിനനുസരിച്ചുള്ള വീടും കാറും ഒക്കെ തിരഞ്ഞെടുക്കുക. നിങ്ങള്‍ നിങ്ങള്‍ക്കു തന്നെ ഒരു ബാധ്യത ആകരുത്. നിങ്ങളുടെ ഭാര്യയ്ക്കും മക്കള്‍ക്കും തീര്‍ത്താല്‍ തീരാത്ത കടം വരുത്തി വച്ചിട്ട് കടന്ന് പോകരുത്.ഇത് സാധാരണക്കാരോടുള്ള പ്രബോധനമെങ്കില്‍ സമ്പന്നരായ പ്രിയപ്പെട്ടവരെ, നിങ്ങളുടെ അദ്ധ്വാന ഫലം ദൈവത്തെ മാറ്റി നിര്‍ത്തി ഉള്ളതാണോ എന്ന് ചിന്തിക്കുക. ആരാധിക്കേണ്ടുന്ന സമയം, പ്രാര്‍ത്ഥിക്കേണ്ട സമയം, ദൈവത്തിന് നല്‍കേണ്ട സമയം ദൈവത്തിന് കൊടുക്കേണ്ട നന്മ ഇതൊക്കെകൂടി കവര്‍ന്നെടുത്താണോനിങ്ങള്‍ സമ്പാദ്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നത്. ആര്‍ക്കു വേണ്ടിയാണ്. നിങ്ങള്‍ ഇങ്ങനെ വിശ്രമമില്ലാതെ ഓടുന്നത്. നിങ്ങള്‍ക്ക് വേണ്ടിയോ? നിങ്ങളുടെ മക്കള്‍ക്ക് വേണ്ടിയോ? അവര്‍ തന്നെ ഇത് അനുഭവിക്കുമെന്ന് ഉറപ്പുണ്ടോ?
അമേരിക്കയിലെ ദൈവഭക്തനായ ഒരു മനുഷ്യന്‍ തന്റെ ജീവിത സായാഹ്നത്തില്‍ കോടിക്കണക്കിന് ഡോളര്‍ ആസ്തിയുള്ള തന്റ മുഴുവന്‍ സമ്പാദ്യങ്ങളും മക്കളുടെ പേര്‍ക്ക് എഴുതി വച്ച കൂട്ടത്തില്‍ ഇപ്രകാരം എഴുതി. ഇതാ ഞാന്‍ എന്റെ സകല സാമ്പാദ്യങ്ങളും എന്റെ മക്കള്‍ക്ക് കൊടുക്കുന്നു. എന്നാല്‍ എന്റെ അകത്തുള്ള യേശു കര്‍ത്താവിന്റെ ജീവനുള്ള പ്രത്യാശയും അവര്‍ക്കുണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു അതവര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ കൊടുക്കുന്ന ഈ സമ്പത്ത് ഇല്ലെങ്കിലും അവര്‍ സമ്പരാകുമായിരുന്നു. അത് അവര്‍ക്ക് ഇല്ലാത്തിടത്തോളം ഈ സമ്പത്ത് അവരെ സമ്പന്നരാകുകയില്ല. അവര്‍ ദരിദ്രര്‍ തന്നെ…ഈ പ്രസ്താവന നമ്മില്‍ പലരുടെയും കണ്ണുരുറപ്പിക്കേണ്ടതല്ല.
ഇത് കഠിനവാക്ക് എന്ന് ആരും പറയരുത്. നാഗല്‍ സായിപ്പ് പാടിയതുപോലെ ഭാരങ്ങള്‍ കൂടുന്നതിന് ഒന്നും വേണ്ട യാത്രയില്‍ അല്പം അപ്പം വിശപ്പിന് സ്വല്പം വെള്ളം ദാഹിക്കില്‍. ….എന്ന മനോഭാവത്തിലേക്ക് വരുവാന്‍ നമുക്ക് കഴിയുമോ. വരുവാന്‍ പോകുന്ന എതിര്‍ ക്രിസ്തുവിന്റെ രാജ്യത്തിലേക്ക് നമ്മുടെ നിക്ഷേപങ്ങള്‍ ചേര്‍ക്കപ്പെടുന്നതിന് മുന്‍പ് അവയില്‍ ഒരു പങ്കെങ്കിലും സ്വര്‍ഗ്ഗീയ നിക്ഷേപത്തിലേക്ക് ചേര്‍ക്കുവന്‍ ഉത്സാഹിക്കുക. സാധുക്കള്‍ക്കായി കൈ തുറക്കുക. കര്‍ത്താവിന്റെ രാജ്യവിസ്തൃതിയ്ക്കായി ചെലവിടുക. നിങ്ങള്‍ തന്നെ ചെലവായിപ്പോകുക. അതെ സ്‌നേഹിതരെ…… നിന്റെ സീയോന്‍ യാത്രയ്ക്ക് തടസ്സമായ ഭാരങ്ങള്‍ ഒന്നും നിന്റെ ചുമലില്‍ കാണരുത്. അതൊക്കെ വലിച്ചെറിഞ്ഞിട്ടും താഴെയിട്ടിട്ടും യാത്ര തുടരുക. ഈ ലേഖനം തുടര്‍ന്ന് വായിക്കുന്നതിന് മുന്‍പ് അങ്ങനെ ചെയ്യുവാന്‍ തീരുമാനമെടുക്കുക ഉല്ലാസവാനും സ്വസ്ഥതയുള്ളവനുമായി ഇനിയുള്ള നാളുകളെങ്കിലും കഴിയുക. കര്‍ത്താവിന്റെ ദിവസം നമുക്ക് കെണിയായി ഭവിക്കാതിരിക്കട്ടെ. സോദോമിലും അവിടുത്തെ നിക്ഷേപത്തിലും കണ്ണുടക്കിപ്പോയ ലോത്തിന്റെ ഭാര്യയുടെ അവസ്ഥ നമുക്ക് ഉണ്ടാകാതിരിക്കട്ടെ. നിത്യ നാശത്തിന് മുന്‍പുള്ള കുടിയൊഴിപ്പിക്കലില്‍ ദൂതന്മാര്‍ ഇറങ്ങി വന്നിട്ടും അവര്‍ക്ക് രക്ഷപ്പെടുവാന്‍ കഴിഞ്ഞില്ല എന്നത് എത്ര ശോചനീയ അവസ്ഥയാണ്.
ഞാന്‍ അനേക വേദിയില്‍ വിളിച്ച് പറയുന്ന ഒരു വേദഭാഗം ഇവിടെ കുറിക്കട്ടെ. യഹോവയായ ഞാന്‍ ന്യായത്തെ ഇഷ്ടപ്പെടുകയും അന്യായമായതു വെറുക്കുകയും ചെയ്യുന്നു. ഞാന്‍ വിശ്വസ്ഥതയോടെ അവന് പ്രതിഫലം കൊടുത്ത് അവനോട് ഒരു ശാശ്വത നിയമം ചെയ്യും ജാതികളുടെ ഇടയില്‍ അവരുടെ സന്തതിയെയും വംശങ്ങളുടെ ഇടയില്‍ അവരുടെ പ്രജയെയും അറിയും. അവരെ കാണുന്നവര്‍ ഒക്കെയും അവരെ യഹോവ അനുഗ്രഹിച്ച സന്തതി എന്നറിയും.(യെശ 61:8) ഹാ! എത്ര അനുഗ്രഹിക്കപ്പെട്ട വാഗ്ദത്തം. ഇതല്ലേ നമുക്ക് വേണ്ടത്? ജാതികളുടെ ഇടയില്‍ വംശങ്ങളുടെ മധ്യത്തില്‍ നമ്മുടെ സന്തതിയെ തിരിച്ചറിയട്ടെ അവരെ കാണുന്നവര്‍ യഹോവയാല്‍ അനുഗ്രഹിക്കപ്പെട്ട സന്തതി എന്നുപറയട്ടെ. നമ്മുടെ നാട്ടില്‍ പറയുന്നത് പോലെ ഒറ്റാലില്‍ കിടന്നതും ഇല്ല കിഴക്ക് നിന്ന് വന്നതും ഇല്ല. എന്നതല്ലയോ പലരുടെയും അവസ്ഥ! ഭൗതികത്തിന്റെ പുറകെ പോയി ഉള്ള ആത്മീകം പോയി ഭൗതികം കിട്ടിയോ അതുമില്ല എന്നതാണ് ചിലരുടെ അവസ്ഥയെങ്കില്‍ മറ്റു ചിലര്‍ക്ക് ഭൗതികം കിട്ടി എന്നാല്‍ ഉള്ള സ്വസ്ഥതയും സമാധാനവും നഷ്ടമായി. അതെ, ദൈവവിഷയമായി സമ്പന്നരാകുക. തലമുറകള്‍ക്ക് ശാപമായി തീരുന്നത് നമ്മുടെ കൈകളിലോ വീട്ടിലോ ബാങ്ക് നിക്ഷേപത്തിലോ കാണാതിരിക്കട്ടെ. ദൈവം തരുന്നത് – തന്നതുമാത്രം – എന്റെ ഓഹരി എന്ന് പരമാര്‍ത്ഥ ഹൃദയത്തോടെ പറയാന്‍ സാധിക്കട്ടെ. അതെ നീയൊഴികെ എനിക്ക് ഒരു നന്മയും ഇല്ല. കര്‍ത്താവെ എന്ന് അവസാന ശ്വാസത്തിലും ഒരു ദൈവപൈതലിന് പറയാന്‍ കഴിയണം. ദൈവത്തെ മാറ്റി നിര്‍ത്തിയുള്ള എല്ലാ പണിയും നിരര്‍ത്ഥകമാണ് അതെല്ലാം നിമ്രോദിന്റെ പണിപോലെ ഒരിക്കല്‍ പൊളിയും. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും കാരണമാകുന്നു(1തിമോ 6:10) എന്ന വചനം ഓര്‍ക്കുക. അനേക അഭിഷിക്തര്‍ ഇതില്‍ തോറ്റുപോയി പണം കാണുമ്പോള്‍ ഡോളര്‍ കാണുമ്പോള്‍ മഞ്ഞളിക്കുന്ന കണ്ണുള്ളവരായി അനേകര്‍ തീരുന്നു. ആര്‍ത്തി അടങ്ങാതെ ഓടുന്നു.
സ്‌നേഹിതരെ, നമ്മുടെ ആവശ്യങ്ങള്‍ എല്ലാം നടക്കണം; ഹാള്‍ പണിയണം, സെമിത്തേരി വാങ്ങണം, ബൈബിള്‍ സ്‌കൂള്‍ നടത്തണം, മാസിക പ്രിന്റ് ചെയ്യണം, സാധുക്കളെ സഹായിക്കണം, ടെലിവിഷന്‍ പ്രോഗ്രാമും റേഡിയോ മിനിസ്ട്രിയും അനാഥശാലയും ഒക്കെ വേണം. എന്നാല്‍ ഇതിനൊക്കെയുള്ള പരക്കംപാച്ചിലില്‍ നിങ്ങങ്ങള്‍ ചക്രവ്യൂഹത്തിലായി ചക്രശ്വാസം വലിക്കരുത്. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക. എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ട് ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിനൊത്തവണ്ണം തീര്‍ത്തുതരും. (ഫിലി 4:19) മിനിസ്ട്രിയുടെ ആവശ്യം നിന്നെ ദ്രവ്യാര്‍ത്തിയുള്ളവനാക്കി മാറ്റി ഒടുവില്‍ ദ്രവ്യത്തിന്റെ ദാസനായി അധ:പതിക്കരുത്.
അബ്രഹാം ക്ഷാമകാലത്ത് മിസ്രയീമിലേക്ക് ഇറങ്ങിപ്പോയി അവിടെ അവന്റെ ക്ഷാമം മാറി. എന്നു മാത്രമല്ല ബഹുസമ്പന്നനുമായി എന്നാല്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി സംഭവിച്ചു. തന്റെ ഭാര്യയായ സാറ പെങ്ങളാണെന്ന് കള്ളം പറയേണ്ടി വന്നു. അതുനിമിത്തം അവള്‍ക്ക് ഫറവോന്റെ വീട്ടില്‍ പോകേണ്ടി വന്നു. സാറ എന്ന വാക്കിന് കൃപ എന്ന അര്‍ത്ഥവുമുണ്ടെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. അതെ, കൃപ അടിയറവ് വച്ചാല്‍ ധാരാളം സമ്പത്ത് തരുവാന്‍ സാത്താന്‍ ഒരുക്കമാണ്. സാറായെ ഫറവോന് കൊടുക്കാന്‍ തയ്യാറാണെങ്കില്‍ അവന്‍ നിനക്ക് ധാരാളം സമ്പത്ത് തരുവാന്‍ സന്നദ്ധനാണ്. ഒരു കുമ്പിടീലിനും നമസ്‌കാരത്തിനും ആരാധനയ്ക്കും സാത്താന്‍ നമ്മുടെ കര്‍ത്താവിന് വാഗ്ദത്തം ചെയ്തത് മുഴുലോകവും ആണെന്ന് ഓര്‍ക്കണം. നീ എന്നെ ഒന്ന് വണങ്ങിയാല്‍ ഇതെല്ലാം ഞാന്‍ നിനക്ക് തരാം… എന്ന് സാത്താന്‍ പറയുന്നു. (മത്തായി 4:9) അതെ, സാത്താന്‍ പറയുന്നു. നിന്റെ കൃപ അടിയറവ് വയ്ക്കുക ഞാന്‍ നിന്നെ സമ്പന്നനാക്കാം. യേശുവിന്റെ മറുപടി സാത്താനെ നിന്നെ അടിവണങ്ങിയല്ല ക്രൂശില്‍ നിന്നെ അടിയറവ് പറയിച്ച് ഇതെല്ലാം തിരികെ വാങ്ങുവാന്‍ വന്നവനാണ് ഞാന്‍ എന്നതായിരിക്കും. അതെ, ഡോളറും ദിനാറും പൗണ്ടും റൂബിളും ഒക്കെ കണ്ടപ്പോള്‍ പലരുടെയും കൃപ പോയി അവ സമ്പാദിക്കുവാന്‍ ഏതറ്റംവരെ പോകുവാനും പലരും തയ്യാറായി. ചില ദൈവദാസന്മാരുടെയെങ്കിലും ധനാര്‍ത്തിയും പരവേശവും അതിന്റെ സമ്പാദനത്തിനായുള്ള കുത്സിത മാര്‍ഗ്ഗങ്ങളും ചിലപ്പോഴെങ്കിലും നേരില്‍ കണ്ടതുകൊണ്ടും പലരില്‍ നിന്നും കേട്ടറിഞ്ഞതുകൊണ്ടും എനിക്ക് ഈ വരികള്‍ കുറിക്കാതിരിക്കുവാന്‍ കഴിയുകയില്ല.
ദൈവീകമല്ലാത്ത വിധത്തില്‍ സമ്പത്ത് ആര്‍ജ്ജിക്കല്‍, ധനത്തിന്റെ വിനിയോഗം,കൂട്ടിവയ്ക്കല്‍ ഇതൊക്കെ അപകടം തന്നെയാണ്. നമ്മുടെ നാട്ടില്‍ ട്രാന്‍സ്‌ഫോമറുകളുടെ മുന്നില്‍ വെച്ചിരിക്കുന്ന തലയോട്ടിയും എല്ലും കഷണവും കണ്ടിട്ടില്ലേ? വ്യാജപ്രസ്താവനകളിലൂടെയും അയോഗ്യമാര്‍ഗ്ഗങ്ങളിലൂടെയും സമ്പാദിക്കുന്ന എല്ലാ ധനത്തിന്റെയും മുകളില്‍ ഈ തലയോട്ടിയും എല്ലിന്‍ കഷണവും ഉണ്ടെന്ന് ഓര്‍ത്ത് കൊളളണം. സൂക്ഷിച്ച് നോക്കിയാല്‍ നിങ്ങള്‍ക്കത് വായിച്ചെടുക്കാം. ഡെയ്ഞ്ചര്‍ അഥവാ അപകടം എന്നു തന്നെ അവള്‍ വലച്ചവര്‍ അനേകരെന്ന് ശലോമോന്‍ രേഖപ്പെടുത്തിയിരിക്കുന്നത് പോലെ. ധനമോഹം വലച്ച നീതിമാന്മാര്‍ അനേകര്‍…..സ്‌നേഹിതാ ആ കുഴിയില്‍ നിങ്ങള്‍ വീഴാതിരിക്കുവാന്‍ ഇതൊരു മുന്നറിയിപ്പായി പരിഗണിക്കുക. ഫറവോന്‍ കണ്ട സ്വപ്നത്തിലെ മെലിഞ്ഞ പശുക്കള്‍ തടിച്ച് കൊഴുത്ത പശുക്കളെ വിഴുങ്ങിയതുപോലെ ദാരിദ്ര്യത്തില്‍ നിന്നും ഞെരുക്കത്തില്‍ നിന്നും സമൃദ്ധിയിലേക്ക് എത്തുമ്പോള്‍ അതു കെണിയായി മാറാതെ സൂക്ഷിക്കുക. സമൃദ്ധിയിലെത്തിയവരും പിശാച് ഒരുക്കുന്ന അത്യാര്‍ത്തി എന്ന കെണിയില്‍പ്പെടാതെ ഒഴിഞ്ഞുകൊള്ളട്ടെ. വലിയ സമ്പന്നന്നായിരുന്നുവെങ്കിലും ശലോമോന്‍ പ്രാര്‍ത്ഥിച്ചതുപോലെ ഞാന്‍ ദരിദ്രനായിത്തീര്‍ന്നിട്ട് മോഷ്ടിച്ച് നിന്റെ ആലയം തീണ്ടിപ്പാനും സമ്പന്നനായിട്ട് നിന്നെ നിന്ദിപ്പാനും ഇടവരാതെ നിത്യവൃത്തി തന്ന് എന്നെയും എന്റെ കുഞ്ഞുങ്ങളെയും പോറ്റേണമേ എന്ന് ഓരോ സീയോന്‍ സഞ്ചാരിയും പ്രാര്‍ത്ഥിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *