Christian News

ടെക്‌സാസിലെ പള്ളിയില്‍ കൂട്ടക്കൊല;കുടുംബ പ്രശ്‌നങ്ങള്‍ വന്‍ ദുരന്തത്തിനു കാരണമായി

ഹൂസ്റ്റണ്‍: ടെക്‌സാസിലെ സാന്‍ അന്റോണിയോയ്ക്കടുത്ത് സുതര്‍ലാന്‍ഡ് സ്പ്രിംഗ്‌സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയില്‍ 26 പേരെ തോക്കിനിരയാക്കിയ ഡെവിന്‍ പാട്രിക് കെല്ലി ലക്ഷ്യമിട്ടിരുന്നത് അമ്മായിയമ്മയെ. പക്ഷേ, അവര്‍ പള്ളിയില്‍ എത്തിയിരുന്നില്ല. കൂട്ടക്കൊല നടത്തുന്നതിനു മുമ്പ് അമ്മായിയമ്മ മിഷേല്‍ ഷില്‍ഡ്‌സുമായി ഡെവിന്‍ വാഗ്വാദം നടത്തിയിരുന്നു. മുന്‍ ഭാര്യയുടെ കടുംബവുമായുള്ള ആഭ്യന്തര പ്രശ്‌നങ്ങളാണ് വലിയ ദുരന്തത്തിനു കാരണമായതെന്ന് ടെക്‌സാസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി റീജണല്‍ ഡയറക്ടര്‍ ഫ്രീമാന്‍ മാര്‍ട്ടിന്‍ പറഞ്ഞു.
മിഷേല്‍ സ്ഥിരമായി ഞായറാഴ്ച ശുശ്രൂഷില്‍ പങ്കെടുക്കാന്‍ ഈ പള്ളിയിലാണ് വന്നിരുന്നത്. മിഷേലിനോട് ഭീഷണി മുഴക്കിക്കൊണ്ട് ഡെവിന്‍ മെസേജുകള്‍ അയച്ചിരുന്നു. പള്ളിയില്‍ എത്താതിരുന്നതു കൊണ്ട് മിഷേല്‍ രക്ഷപ്പെട്ടെങ്കിലും അവരുടെ അമ്മ ലുല വൈറ്റ് കൂട്ടക്കൊലയില്‍ ഇരയായതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. കൂട്ടക്കൊലയ്ക്കു ശേഷം പള്ളിക്കു പുറത്തിറങ്ങിയ ഡെവിനെ സായുധനായ ഒരു വഴിപോക്കന്‍ വെടിവയ്ക്കുകയായിരുന്നു. ഇതിനു ശേഷം താന്‍ ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നു പറഞ്ഞ് ഡെവിന്‍ സ്വന്തം പിതാവിനെ ഫോണ്‍ ചെയ്തിരുന്നു.
വെടിയേറ്റ ശേഷം സംഭവ സ്ഥലത്തു നിന്ന് ഡെവിന്‍ പലായനം ചെയ്യുകയായിരുന്നു. ഡെവിനെ വെടിവച്ച സ്റ്റീഫന്‍ വില്‍ഫോര്‍ഡ്, ജോണി ലാങ്‌ഡോര്‍ഫ് എന്നിവര്‍ മറ്റൊരു വാഹനത്തില്‍ ഡെവിനെ പിന്തുടര്‍ന്നു. 95 മൈല്‍ വേഗതിയിലാണ് തങ്ങള്‍ വാഹനം ഓടിച്ചിരുന്നതെന്നും, കുറച്ചു കഴിഞ്ഞപ്പോള്‍ ഡെവിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചു നില്‍ക്കുകയായിരുന്നുവെന്നും ലാങ്‌ഡോര്‍ഫ് പറഞ്ഞു. സ്വന്തം വാഹനത്തിനകത്ത് മരിച്ച നിലയില്‍ ഡെവിനെ കണ്ടെത്തുകയായിരുന്നു. ഡെവിന്‍ ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്ന് കരുതപ്പെടുന്നു.
ഭാര്യയ്ക്കും വളര്‍ത്തു മകനും നേരെ അതിക്രമം നടത്തിയതിന്റെ പേരില്‍ കോര്‍ട്ട് മാര്‍ഷല്‍ നടത്തി 2012 ല്‍ അമേരിക്കന്‍ വ്യോമസേനയില്‍ നിന്ന് പുറത്താക്കിയ ഡെവിന് ആയുധങ്ങള്‍ എങ്ങിനെ കിട്ടി എന്ന് അധികൃതര്‍ അന്വേഷിച്ചു വരികയാണ്. സൈന്യത്തില്‍ നിന്ന് അപകീര്‍ത്തികരമായ കാര്യങ്ങള്‍ക്ക് പുറത്താക്കപ്പെടുന്നവര്‍ക്ക് ആയുധങ്ങള്‍ വാങ്ങാനോ കൈവശം വയ്ക്കാനോ നിയമപ്രകാരം അനുമതിയില്ല. ഡെവിന്റെ കൈവശം ഓട്ടോമാറ്റിക് തോക്കുള്‍പ്പെടെ മൂന്നു തോക്കുകള്‍ കണ്ടെത്തിയിരുന്നു. ടെക്‌സാസിലെ ഒരു സ്‌പോര്‍ട്‌സ് ഗുഡ് സ്റ്റോറില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിയ ഡെവിന്റെ ബാക്ക് ഗ്രൗണ്ട് ചെക്കിംഗ് നടത്താന്‍ ആരും മിനക്കെടാതിരിക്കുകയും, തന്റെ മിലിട്ടറി ക്രിമിനല്‍ റിക്കാര്‍ഡ് രേഖ ഡെവിന്‍ മറച്ചു വയ്ക്കുകയും ചെയ്തപ്പോള്‍ വലിയ ദുരന്തത്തിന് അത് നിമിത്തമാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *