Christian News

കുട്ടിയെ കാണാതായി,പിതാവ് അറസ്റ്റില്‍

ഓസ്റ്റിന്‍: ദത്തെടുത്ത ഇന്ത്യന്‍ വംശജയായ മൂന്നുവയസുകാരിയെ അമേരിക്കന്‍ പിതാവ് ഒറ്റയ്ക്ക് വീടിന് പുറത്തുനിര്‍ത്തി, ശേഷം കുട്ടിയെ കാണാതായി. സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലു കുടിക്കാഞ്ഞതിന് അര്‍ദ്ധരാത്രിയില്‍ കുറ്റാക്കൂരിരുട്ടത്ത് വീടിന് പിന്നിലെ മരത്തിനടിയില്‍ പോയി തനിച്ച് നില്‍ക്കാന്‍ 37 കാരനായ മാത്യൂസ് ഷെറിന്‍ എന്ന മൂന്നുവയസുകാരിയോട് ആവശ്യപ്പെടുകയായിരുന്നു.വീട്ടില്‍ നിന്നും 100 അടി മാറിയാണ് ഈ മരം നില്‍ക്കുന്നത്. സംഭവം നടന്ന് അഞ്ചു മണിക്കൂര്‍ കഴിഞ്ഞതോടെ മാത്യൂസ് പോലീസിനെ വിളിച്ച കുഞ്ഞിനെ കാണാതെ പോയെന്ന് റിപ്പോര്‍ട്ട് ചെയ്തു. സാധാരണഗതിയില്‍ ധാരാളം ചെന്നായകള്‍ ഉള്ള സ്ഥലമാണിതെന്നും മാത്യൂസ് പോലീസിന് നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. അതേസമയം കുട്ടിയെ ചെന്നായ കൊണ്ടുപോയിരിക്കാനുള്ള ഒരു തെളിവും കിട്ടിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. മൂന്ന് ദിവസമായി തെരച്ചില്‍ തുടരുകയാണ്. ഇന്ത്യയില്‍ ജനിച്ച ഷെറിനെ മാത്യൂസ് ദത്തെടുക്കുകയായിരുന്നു. കുറഞ്ഞ തോതില്‍ മാനസിക വൈകല്യങ്ങള്‍ ഉള്ള കുട്ടിയാണ് ഷെറിന്‍.

കുട്ടിയ്ക്ക് അപകടകരമായ സാഹചര്യം മനപ്പൂര്‍വ്വം സൃഷ്ടിച്ചെന്ന കുറ്റത്തിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. ശനിയാഴ്ച പോലീസ് കസ്റ്റഡിയില്‍ എടുത്ത ഇയാളെ പിന്നീട് 250,000 ഡോളര്‍ ബോണ്ടിന് രാത്രി റിലീസ് ചെയ്തു. കുട്ടിയെ കാണാതായതോടെ നാലു വയസ്സുകാരി സഹോദരിയെ കുടുംബത്തില്‍ നിന്നും ടെക്‌സാസ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് മാറ്റിയിരിക്കുകയാണ്. വീട്ടിലെ വാഹനങ്ങള്‍, സെല്‍ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, എന്നിവയെല്ലാം പരിശോധന നടത്തിയ പോലീസ് സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വരെ പരിശോധിച്ചിട്ടുണ്ട്. സംഭവത്തില്‍ ജനരോഷം കമന്റുകളായി പ്രത്യക്ഷപ്പെട്ടു. പിതാവിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *