Christian News

അമേരിക്കന്‍ നികുതി സംവിധാനത്തില്‍ വന്‍ അഴിച്ചുപണി വരുന്നു; കോര്‍പറേഷനുകളുടെ നികുതി 20 ശതമാനമായി കുറയും

വാഷിംഗ്ടണ്‍: അമേരിക്കയിലെ നികുതി സമ്പ്രദായം ഉടച്ചു വാര്‍ക്കാനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദീര്‍ഘനാളത്തെ ശ്രമം ലക്ഷ്യത്തോടടുക്കുന്നു. നികുതി ഘടനയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ പോവുകയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് പ്രഖ്യാപിച്ചു. നികുതി പരിഷ്‌കരണം സംബന്ധിച്ച് പുറത്തു വിട്ട രൂപരേഖ പ്രകാരം കോര്‍പറേഷനുകളുടെ നികുതി 35 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറയും.
നികുതി പുന:സംഘടന അമേരിക്കയെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുമെന്നും, ഇടത്തരം കുടുംബങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും ട്രമ്പ് അവകാശപ്പെട്ടു. രാജ്യത്തെ നികുതി സംവിധാനം കൂടുതല്‍ ലളിതമാക്കേണ്ടത് അനിവാര്യമായിരുന്നു. നിലവിലുള്ള സങ്കീര്‍ണമായ നികുതി വ്യവസ്ഥകളില്‍ മാറ്റം വരുത്താതെ രാജ്യത്തിനും, സമ്പദ് വ്യവസ്ഥയ്ക്കും മുന്നേറ്റം നടത്തുക അസാധ്യമായിരുന്നുവെന്ന് ട്രമ്പ് ചൂണ്ടിക്കാട്ടി.
പുതിയ പരിഷ്‌കാരമനുസരിച്ച് പൗരന്മാര്‍ക്കുള്ള വരുമാന നികുതി നിരക്കുകള്‍ 12 ശതമാനം, 25 ശതമാനം, 35 ശതമാനം എന്നിങ്ങനെ നിജപ്പെടുത്തുന്നതാണ്. ഓരോ നിരക്കിനും വരുന്ന വരുമാന നിലവാരം വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ കുറഞ്ഞ വരുമാന നികുതി 10 ശതമാനവും കൂടിയത് 40 ശതമാനത്തിനടുത്തുമാണ്.
അതേസമയം, നികുതി പരിഷ്‌കരണം ഇടത്തരം കുടുംബങ്ങളെയാകും ഏറ്റവുമധികം ബാധിക്കുകയെന്ന് ഡെമോക്രാറ്റുകള്‍ കുറ്റപ്പെടുത്തി. സമ്പന്നരെ സഹായിക്കുന്ന വ്യവസ്ഥകളാണ് പരിഷ്‌കരണത്തിലുള്ളത്. പുതിയ നിര്‍ദേശങ്ങള്‍ കമ്മി വര്‍ധിപ്പിക്കുമെന്നും മെഡികെയര്‍, സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ഡെമോക്രാറ്റുകള്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *