Christian News

63 ലക്ഷം പേരോട് വീടു വിടാന്‍ നിര്‍ദേശം, ‘ഇര്‍മ’ ഫ്‌ളോറിഡ തീരത്തോട് അടുക്കുന്നു.

മയാമി: ‘ഇര്‍മ’ ചുഴലി കൊടുങ്കാറ്റ് ഫ്‌ളോറിഡയെ സമീപിച്ചു കൊണ്ടിരിക്കെ ഈ വിപത്ത് എന്തൊക്കെ ദുരിതങ്ങളാവും കൊണ്ടുവരിക എന്ന ആശങ്ക വര്‍ധിക്കുകയാണ്. 63 ലക്ഷം പേരോട് വീടു വിടാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അപകട മേഖലയില്‍ നിന്ന് ഡ്രൈവ് ചെയ്ത് പുറത്തു കടക്കാന്‍ ഇനി സമയമില്ലെന്നും, എത്രയും വേഗം ദുരിതാശ്വാസ കേന്ദ്രത്തിലേക്കു മാറണമെന്നും ഗവര്‍ണര്‍ റിക് സ്‌കോട്ട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 25 ശതമാനത്തോളം ജനങ്ങളോടാണ് വീടു വിടാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
കരീബിയന്‍ ദ്വീപുകളില്‍ വലിയ നാശം വിതച്ച ‘ഇര്‍മ’ ക്യൂബയില്‍ ദുരിത പര്‍വം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. 80 വര്‍ഷത്തിനിടെ ക്യൂബയില്‍ വീശുന്ന ഏറ്റവും വലിയ ചുഴലി കൊടുങ്കാറ്റാണിത്. കാറ്റഗറി അഞ്ചില്‍ കണക്കാക്കപ്പെട്ടിരുന്ന ചുഴലി കൊടുങ്കാറ്റ് ഇപ്പോള്‍ കാറ്റഗറി മൂന്നിലേക്ക് ഡൗണ്‍ഗ്രേഡ് ചെയ്തിട്ടുണ്ടെങ്കിലും ഫ്‌ളോറിഡയില്‍ എത്തുമ്പോഴേക്കും വീണ്ടും കരുത്താര്‍ജിക്കുമെന്നാണ് മുന്നറിയിപ്പ്. ഇപ്പോള്‍ 125 മൈല്‍ വേഗതയാണ് കൊടുങ്കാറ്റിനുള്ളത്. കുറഞ്ഞത് 24 പേരെങ്കിലും ‘ഇര്‍മ’ ദുരന്തത്തില്‍ ഇതുവരെ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു.
ഞായറാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ വീശുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ പറയുന്നത്. പക്ഷേ, കാറ്റിനു മുന്നോടിയെന്ന പോലെ കനത്ത മഴ പലയിടത്തും പെയ്തു തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ തെക്കു ഭാഗത്തും, സെന്‍ട്രല്‍ മയാമിയിലുമാണ് കനത്ത മഴ തുടങ്ങിയിട്ടുള്ളത്. കാല്‍ ലക്ഷത്തിലധികം പേര്‍ക്ക് ഇപ്പോള്‍ തന്നെ വൈദ്യുതു ബന്ധം നഷ്ടപ്പെട്ടു. ടാമ്പ, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് തുടങ്ങിയ നഗരങ്ങളൊക്കെ ചുഴലിക്കാറ്റിന്റെ പരിധിയില്‍ വരുന്നുണ്ട്. 30 ലക്ഷം ജനങ്ങള്‍ വസിക്കുന്ന ടാമ്പാ ബേ ഏരിയായില്‍ 1921 നു ശേഷം ശക്തമായ ചുഴലി കൊടുങ്കാറ്റുകളൊന്നും ഉണ്ടായിട്ടില്ല. കാറ്റിനൊപ്പം കനത്ത വേലിയേറ്റം കൂടിയുണ്ടാകുന്നത് താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിനടിയിലാകുമെന്ന് ആശങ്ക ജനിപ്പിക്കുന്നു. മയാമി നഗരത്തിലും, ബ്രോവാര്‍ഡ് കൗണ്ടിയിലും റോഡുകളിലൂടെയുള്ള സഞ്ചാരം ഒഴിവാക്കുന്നതിന് കര്‍ഫ്യൂ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *