Articles

സൂത്രങ്ങള്‍ അന്വേഷിക്കുന്നവര്‍; ജോണ്‍സണ്‍ കണ്ണൂര്‍

”ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു. അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചുവരുന്നു” (സഭാ. 7:29).
ചിന്തിക്കുവാനും തീരുമാനങ്ങള്‍ എടുക്കുവാനും ശേഷിയുള്ള ഇച്ഛാശക്തിയോടെയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. നേരായത് ചിന്തിക്കുവാനും നന്മ പ്രവര്‍ത്തിക്കുവാനുമാണ് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്. എന്നാല്‍ സ്വാര്‍ത്ഥനായ മനുഷ്യന്‍ സൂത്രങ്ങള്‍ അന്വേഷിച്ച് തുടങ്ങി. താല്ക്കാലിക നേട്ടങ്ങളുടെ മോഹവലയത്തില്‍ കുടുങ്ങി സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ച് ഏത് നിഷ്ഠൂരതയും ചെയ്യുവാന്‍ ശങ്കയില്ലാത്തവരായി തീര്‍ന്നു. വസ്തുതകളെക്കുറിച്ച് സൂക്ഷ്മമായി പഠനം നടത്തിയ സഭാപ്രസംഗി പറയുന്നു: പി.ഓ.സി പരിഭാഷ നോക്കുക ”ഞാന്‍ കണ്ടത് ഇതാണ് ദൈവം മനുഷ്യനെ സരളഹൃദയനായി സൃഷ്ടിച്ചു. എന്നാല്‍ അവന്റെ സങ്കീര്‍ണ്ണ പ്രശ്‌നങ്ങള്‍ അവന്റെ തന്നെ സൃഷ്ടിയാണ്. പ്രകൃതിയെ ആകമാനം ചൂഷണം ചെയ്യുന്ന ആധുനിക മനുഷ്യന്‍ കൊടിയ നാശം വിതയ്ക്കുകയാണ്. ഇവിടെ വന്‍കിട ഭൂമാഫിയകള്‍ കല്ലും മണ്ണും മരങ്ങളും പണമാക്കി. പാടങ്ങള്‍ നികത്തി പടുകൂറ്റന്‍ സമുച്ചയങ്ങള്‍ പണിതുയര്‍ത്തി. മലകളും കുന്നുകളും ഇടിച്ചുനിരത്തി. അടുത്ത ഒരു തലമുറ ഇവിടെ ജനിക്കുമെന്നോ അവര്‍ക്കും ജീവിക്കണമെന്നോ ചിന്തയില്ലാതെ സ്വന്തം പോക്കറ്റ് വീര്‍പ്പിക്കാന്‍ പ്രകൃതിയെ കൊള്ളയടിക്കുന്നു.
കൂടുതല്‍ വിളവ് ലഭിക്കാന്‍ രാസവള പ്രയോഗങ്ങളും കീടങ്ങളില്‍നിന്ന് രക്ഷ നേടാന്‍ മാരക വിഷമുള്ള കീടനാശിനികളും പ്രയോഗിക്കുന്നു. (ജൈവകൃഷിയിലേക്ക് ചിലര്‍ മാറിയിട്ടുണ്ട് എന്നതും വിസ്മരിക്കുന്നില്ല).
ഒന്നുമറിയാതെ നിരപരാധികള്‍ വാങ്ങിക്കഴിച്ച് രോഗികളാകുന്നു. ചെറിയ രോഗങ്ങള്‍ക്ക് അനാവശ്യമായ മരുന്നു നല്‍കി മാറാരോഗികളാക്കി മാറ്റുന്നു. മരുന്നു കമ്പനിക്കാരുടെ കമ്മീഷന്‍ വാങ്ങിക്കൊണ്ട് സാധാരണക്കാരനെ കൊല്ലാതെ കൊല്ലുന്നു. മെഡിസിന്‍ വിപണനരംഗത്തെ തട്ടിപ്പുകള്‍ അടുത്തകാലത്ത് മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായിരുന്നു. ഈ മേഖലയിലെ അറുംകൊള്ള അറിഞ്ഞാല്‍ ഞെട്ടിപ്പോകും. നിലവില്‍ സ്‌കാനിംഗ് റിപ്പോര്‍ട്ട് ഉണ്ടെങ്കിലും വീണ്ടും എടുപ്പിക്കും. നിലവിലുള്ള അവസ്ഥ അറിയാന്‍വേണ്ടിയാണെന്ന് പറഞ്ഞ് ധരിപ്പിക്കും. കഴിഞ്ഞ ദിവസം കണ്ടതായ പത്രവാര്‍ത്ത ഇപ്രകാരമാണ്. പപ്പടത്തിനകത്ത് അലക്കുകാരം ചേര്‍ക്കുന്നു. നാളുകള്‍ കേടുകൂടാതെ ഇരിക്കുംപോലും. മായമില്ലാത്തത് കണ്ണുനീര്‍ മാത്രം. ഒന്നും വിശ്വസിക്കാന്‍ കഴിയാത്ത കാലമായി.
നമ്മള്‍ വിവിധ വിരുന്നുകളില്‍ പങ്കെടുക്കുന്നു. കേറ്ററിംഗ്കാര്‍ സകല കലവറകളും കീഴടക്കിയ കാലമാണല്ലോ. കറികള്‍ക്കും മറ്റും കൂടുതല്‍ രുചി ലഭിക്കുവാന്‍ അതില്‍ പൊടിക്കൈകള്‍ ചേര്‍ക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ പരക്കുന്നു. പാചകക്കാര്‍ അവര്‍ക്കുവേണ്ടി വേറെ ഭക്ഷണം തയ്യാറാക്കും. നമ്മള്‍ സല്‍ക്കാരങ്ങളില്‍ ആഹാരം കഴിച്ച് വീട്ടില്‍ വരുമ്പോള്‍ ക്ഷീണവും തളര്‍ച്ചയും മയക്കവും അനുഭവപ്പെടുന്നത് അതുകൊണ്ടാണ്. ചോറ് അധികം കഴിക്കാതിരിക്കാന്‍ ചമ്പന്‍പാക്കിന്റെ കറ ഒഴിച്ചിട്ട് കോരിയെടുക്കും. ലാഭമാണ് വിഷയം. ആഹാരം കഴിക്കുന്നവന്റെ ആരോഗ്യം അവര്‍ക്കറിയേണ്ടതില്ല. മൃഗങ്ങളെ അറുക്കുന്നതിന് മുമ്പ് ഒരു മരുന്നു കുത്തിവച്ചാല്‍ മാംസത്തിന് തൂക്കം കൂടുതല്‍ ലഭിക്കും എന്ന് പറയുന്നു. ഇത് തീ വില കൊടുത്ത് വാങ്ങി കഴിക്കുന്നവന്റെ സ്ഥിതി പരിതാപകരം തന്നെ.
മത്സ്യം കേടാകാതിരിക്കാന്‍ മാരകമായ വിഷം ചേര്‍ക്കുന്നുണ്ടെന്ന് പത്രറിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. മീന്‍ ചീഞ്ഞു പോകാതിരിക്കാന്‍ ശവത്തിന് ഉപയോഗിക്കുന്ന ഒരുതരം വിഷം പ്രയോഗിക്കുന്നു.
പായ്ക്കറ്റ് ഭക്ഷണങ്ങള്‍, ശീതള പാനീയങ്ങള്‍, ബേക്കറി സാധനങ്ങള്‍ ഇവയിലെല്ലാം കേടാകാതിരിക്കുവാനുള്ള രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ട്. മനുഷ്യന്റെ ജീവിതതിരക്കും, ആവശ്യകതയും ചിലര്‍ സൂത്രങ്ങള്‍ ഉപയോഗിച്ച് ചൂഷണം ചെയ്യുന്നു. പണമുള്ളവനേ സമൂഹത്തില്‍ വിലയുള്ളൂ എന്ന ചിന്ത മിക്കവരേയും ഭരിക്കുവാന്‍ തുടങ്ങി.
സഹജീവികളുടെ ജീവന്‍ ഇല്ലായ്മ ചെയ്തായാലും സ്വന്തം പോക്കറ്റ് നിറയ്ക്കണമെന്ന തത്വം സൂത്രങ്ങള്‍ അന്വേഷിക്കുവാന്‍ മനുഷ്യനെ പ്രേരിതനാക്കി. സമൂഹത്തോടോ രക്തബന്ധങ്ങളോടോ കടപ്പാടില്ലാത്ത വ്യക്തിബന്ധങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വില കല്പിക്കാത്ത ഒരുതരം റോബോട്ട് മോഡല്‍ തലമുറ വളര്‍ന്നുവരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.
ജീവിതവ്യഗ്രതയും സുഖലോലുപതയും അനേകരെ ഗ്രസിച്ചുകഴിഞ്ഞു. ആഗ്രഹപൂര്‍ത്തീകരണത്തിനായി വക്രതയും സൂത്രങ്ങളും അവലംബിക്കുന്നു. സ്വന്തം സുഖത്തിനുവേണ്ടി ആരേയും ഇല്ലായ്മ ചെയ്യുവാന്‍ സൂത്രങ്ങള്‍ മെനയുന്ന കിരാതന്മാരുടെ കാലമാണിത്. ഹൃദയം എല്ലാറ്റിനേക്കാളും വിഷമുള്ളത് എന്ന് തിരുവെഴുത്ത് പറയുന്നു. ആധുനിക കണ്ടുപിടിത്തങ്ങള്‍ പലതും മനുഷ്യനെ നാശത്തിലേക്ക് തള്ളിവിട്ടു. വിജ്ഞാനതൃഷ്ണയില്‍ അണുവിന്റെ ഉള്ളിലേക്കൂളിയിട്ട ശാസ്ത്രമനുഷ്യന്‍ മാനവസംസ്‌കാരത്തിന് അണുബോംബിന്റെ കുഷ്ഠം പകര്‍ന്നു. മൂല്യങ്ങളെ കാറ്റില്‍ പറത്തിയ ആധുനിക തലമുറ ദൂരവ്യാപകമായ പ്രത്യഘാതങ്ങള്‍ അനുഭവിക്കേണ്ടിവരും. സൂത്രങ്ങളും തന്ത്രങ്ങളും കൊണ്ട് എക്കാലവും നിലനില്ക്കാന്‍ കഴിയില്ല. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടും.
ആത്മീയലോകവും ഇതുതന്നെ സ്ഥിതി.
”യഹോവയുടെ വചനം അവര്‍ക്കു ചട്ടത്തിന്മേല്‍ ചട്ടം. ചട്ടത്തിന്‍മേല്‍ ചട്ടം സൂത്രത്തിന്‍മേല്‍സൂത്രം, സൂത്രത്തിന്മേല്‍ സൂത്രം. ഇവിടെ അല്പം അവിടെ അല്പം എന്ന് ആയിരിക്കും” (യെശ. 28:13).
ആചാരങ്ങളും കര്‍മ്മങ്ങളും അനുഷ്ഠാനങ്ങളും തീര്‍ത്ഥയാത്രകളും എന്നിങ്ങനെ മാനുഷിക ചട്ടങ്ങളും ചടങ്ങുകളും രൂപപ്പെടുത്തി പാവപ്പെട്ടവനെ ചൂഷണം ചെയ്യുന്ന മതത്തിന്റെ കിങ്കരന്മാരെ യെശയ്യാ പ്രവാചകന്‍ എടുത്തുപറയുന്നു.
വേര്‍പെട്ടവര്‍ എന്ന് അവകാശപ്പെടുന്നവരിലും തഥൈവ.
”പുരോഹിതന്മാരും പ്രവാചകന്മാരും പോലും വീഞ്ഞ് കുടിച്ച് മദിക്കുന്നു. ലഹരി പിടിച്ച് അവര്‍ ആടി ഉലയുന്നു. വീഞ്ഞ് അവരെ വഴിതെറ്റിക്കുന്നു. അവര്‍ക്ക് ദര്‍ശനത്തില്‍ തെറ്റ്പറ്റുന്നു. ന്യായവിധിയില്‍ കാലിടറുന്നു. എല്ലാ മേശകളും ഛര്‍ദ്ദികൊണ്ട് നിറഞ്ഞിരിക്കുന്നു. മലിനമല്ലാത്ത ഒരു സ്ഥലവുമില്ല. അവര്‍ പറയുന്നു: ആരെയാണ് ഇവന്‍ പഠിപ്പിക്കുന്നത്. ആര്‍ക്കുവേണ്ടിയാണ് ഇവന്‍ സന്ദേശം വ്യാഖ്യാനിക്കുന്നത്” (യെശ. 28:7).
ഇന്ന് ആത്മീയതയുടെ മറവില്‍ വലിയ കൊള്ളയാണ് നടക്കുന്നത്. വിടുതലും പ്രവചനവും പറഞ്ഞ് എളിയവരെ ചൂഷണം ചെയ്യുന്നു. ദൈവനാമ മഹത്വത്തിന് എന്ന ലേബലില്‍ അനുഭവസാക്ഷ്യം പറയിപ്പിച്ച് പരസ്യം നല്‍കി ബിസിനസ്സ് കൊഴുപ്പിക്കുന്നു. അന്താരാഷ്ട്ര നിലവാരത്തില്‍ പറക്കുന്നു. എവിടെയും സൂത്രങ്ങള്‍ മാത്രം. ഇതിനിടയില്‍ നിര്‍മ്മലതയോടെ കര്‍ത്താവിനെ സേവിക്കുന്നവരുണ്ട് എന്നത് മറക്കുന്നില്ല.
സത്യം തുറന്ന്പറയുമ്പോള്‍ ആധുനിക അഭിഷിക്തന്മാര്‍ ഉറഞ്ഞുതുള്ളും. സൂത്രങ്ങള്‍ വെളിയില്‍ കൊണ്ടുവന്നാല്‍ ചിലപ്പോള്‍ ശപിച്ച് കളയും. യെശയ്യാ പ്രവാചകന്‍ പറഞ്ഞതുപോലെ മലിനമല്ലാത്ത ഒരു സ്ഥലവുമില്ല. മദ്യപാനവും ദുര്‍ന്നടപ്പും ഒരു ഭാഗത്ത്. അഴിമതിയും വെട്ടിപ്പും തട്ടിപ്പും മറുഭാഗത്ത്. ഇവര്‍ സ്റ്റേജില്‍ കയറിയാല്‍ തികച്ചും ആത്മീകര്‍. ഇതൊക്കെ തുറന്ന് എഴുതിയാല്‍: ആരെയാണ് ഇവന്‍ പഠിപ്പിക്കുന്നത് എന്ന സ്വരമായിരിക്കും. ഇന്ന് നടക്കുന്നത് അതുപോലെ പ്രവാചകന്‍ എഴുതിവെച്ചിരിക്കുകയാണ്. വിസ്താരഭയത്താല്‍ ഞാന്‍ ഇവിടെ വിരാമം കുറിക്കുന്നു. നേരോടെ നടക്കുന്നവര്‍ക്ക് ഒരു നന്മയ്ക്കും മുടക്കമില്ല. വിശ്വസ്തതയോടെ കര്‍ത്താവിനെ സേവിക്കാം.

ജോണ്‍സണ്‍ കണ്ണൂര്‍

Leave a Reply

Your email address will not be published. Required fields are marked *