Articles

നാട്ടിറച്ചിയെ കാട്ടിറച്ചിയാക്കുന്നവര്‍; ജോണ്‍സണ്‍ കുമ്പനാട്

യിസഹാക്കിന് കണ്ണ് മങ്ങിയിരിക്കുന്നു. എങ്കിലും ‘കൊതി’ മങ്ങിയിരുന്നില്ല. വാര്‍ദ്ധക്യത്തിന്റെ ജരാനരകള്‍ ശരീരത്തെ ബാധിച്ചിരുന്നെങ്കിലും മനസ് ഇപ്പോഴും കൊടും വനത്തില്‍ കൂടി അലഞ്ഞുതിരിഞ്ഞു. അവിടെനിന്ന് തന്റെ മകന്‍ കൊണ്ടുവന്ന് തന്നിട്ടുള്ള കാട്ട് പോത്തിന്റെയും ഇളമാനിന്റെയും മാംസത്തിന്റെ രുചി നാവിന്‍തുമ്പിലങ്ങനെ തങ്ങിനില്‍ക്കുന്നതുകൊണ്ടാവാം ഈയിടെയായി അടുക്കളയില്‍ വേവുന്ന നാടന്‍ വിഭവങ്ങളോട് അത്ര താത്പര്യം തോന്നുന്നില്ല. പഴയപോലെ ഇപ്പോള്‍ കാട്ടിറച്ചി കിട്ടാനുമില്ല. സഹിക്കാനാവാത്ത ആഗ്രഹം മനസിനെ മത്തുപിടിപ്പിച്ചപ്പോള്‍ അനുഗ്രഹം വാഗ്ദാനം ചെയ്ത് കടിഞ്ഞൂലിനെ കാട്ടിലേക്ക് പറഞ്ഞുവിട്ടു ആ വൃദ്ധന്‍.
മകന് നല്‍കിയ വാഗ്ദത്തം മറഞ്ഞുനിന്ന് കേട്ട മാതാവിന്റെ മനസ്സില്‍ സാധുവായ തന്റെ ഇളയ മകനെക്കുറിച്ചുള്ള ചിന്തയായിരുന്നു നിറഞ്ഞുനിന്നത്. പിന്നെ തിരശീലക്കു പിന്നില്‍ അരങ്ങേറിയത് ദൈവഹിതമോ, കുടില തന്ത്രമോ എന്നത് ഇന്നും തകര്‍ക്കസംഗതിയാണ്. തെറ്റാണ് ചെയ്യുന്നതെന്ന് അറിയാമായിരുന്നെങ്കിലും അമ്മയുടെ ആഗ്രഹത്തിന് വഴങ്ങി കൂട്ടില്‍നിന്നൊരാടിനെ പിടിച്ച് കശാപ്പ് ചെയ്ത് അടുക്കളയിലെത്തിച്ചു കൊടുത്തു യാക്കോബ്.
പ്രായം കൊണ്ടും കൊതി കൊണ്ടും കണ്ണ് കാണാതെയിരുന്ന യിസ്ഹാക്കിന് മുമ്പില്‍ സ്വന്തം ഭാര്യ തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് നാടകം അരങ്ങേറുകയായി. വിധിയുടെ വിളയാട്ടമോ കൂടുതല്‍ സാധുവായിപ്പോയതിന്റെ ഗതികേടോ എന്തായാലും ആ നാടകത്തിന്. നായക വേഷം അണിയേണ്ടിവന്ന യാക്കോബിന് കാലം ഒരു നല്ല പേര് ചാര്‍ത്തി നല്‍കി – ചതിയന്‍. അടുക്കളയില്‍നിന്ന് അമ്മ പകര്‍ന്നു നല്‍കിയ ആ പാത്രത്തിലേക്ക് യാക്കോബ് സൂക്ഷിച്ചുനോക്കി. പെട്ടെന്ന് തന്നെ അവന്‍ ആ നോട്ടം പിന്‍വലിച്ചു. ആ പാത്രത്തില്‍ നിന്ന് തന്നെ നോക്കി നില്‍ക്കുന്ന ഒരു ആട്ടുകൊറ്റന്‍….! അപ്പന്റെ മുറിയിലേക്ക് ഇറച്ചിക്കറിയുമായി പോകുന്നതിന് മുമ്പ് യാക്കോബ് അതില്‍ ഒരു കഷണമെടുത്ത് രുചിച്ചുനോക്കി. സാക്ഷാല്‍ കാട്ടിറച്ചി! അവന്‍ ആത്മഗതം ചെയ്തു.
ചേട്ടന്റെ കൈകള്‍ ഫാന്‍സിഡ്രസില്‍ തന്റെ കൈകളിലേക്ക് ആവാഹിക്കുമ്പോഴും യാക്കോബിന് ചെറിയ ഭയമുണ്ടായിരുന്നു. കാരണം അപ്പന്റെ അറിവിനെക്കുറിച്ച് അവന് നല്ല ബോധ്യമുണ്ടായിരുന്നു. കാട്ടിലെ ഓരോ ഇറച്ചിയും എങ്ങനെയായിരിക്കുമെന്ന് നന്നായി അറിയാമായിരുന്നു അപ്പന്. ഇളപ്പമായതും, മൂത്തതും, നെയ് മുറ്റിയതും ക്ഷീണിച്ചതും ഒക്കെ ഇനം തിരിച്ച് പറയാന്‍ പ്രത്യേക കഴിവായിരുന്നു. അങ്ങനെയുള്ള ഒരാളിന്റെ മുമ്പിലാണ് ഈ നാടകം ആടേണ്ടത്. ഭയം യാക്കോബിനെ തളര്‍ത്തുവാന്‍ തുടങ്ങി. പക്ഷേ, അമ്മയുടെ വാക്കുകള്‍ അവനെ മുമ്പോട്ടു നയിച്ചു. അമ്മയ്ക്കുറപ്പുണ്ടായിരുന്നു പിടിക്കപ്പെടുകയില്ലെന്ന്. കാരണം മസാല ചേര്‍ത്തത് താനാണല്ലോ. നാട്ടിറച്ചിയെ കാട്ടിറച്ചിയാക്കിയത് താനാണല്ലോ. അത്ര നിശ്ചയമുണ്ടായിരുന്നു അവര്‍ക്ക് ആ കാര്യത്തില്‍. ഒടുവില്‍ അനുഗ്രഹം മുഴുവന്‍ അടിച്ചുമാറ്റി ആ നാടകം അവസാനിച്ചു.
ഇന്നും ഇത് ആവര്‍ത്തിക്കപ്പെടുന്നു. അനുഗ്രഹത്തിന്റെ പേര് പറഞ്ഞ് വഞ്ചിക്കപ്പെടുന്നത് ദൈവവചനത്തില്‍ നല്ല നിശ്ചയമുള്ളവരല്ലേ? എന്താണ് ഉപദേശമെന്നും എന്താണ് യഥാര്‍ത്ഥ അനുഗ്രഹമെന്നും നന്നായി അറിയാവുന്നവരല്ലേ ഇന്ന് നവീന ഉപദേശങ്ങള്‍ക്ക് മുമ്പില്‍ അടിയറ പറഞ്ഞത്. പഥ്യ വചനമായ ദൈവവചനം ‘മസാല’ ചേര്‍ത്ത് തയ്യാറാക്കി വിളമ്പുകയാണ്. എല്ലാവര്‍ക്കും രുചിയുള്ളത് മതി. യിരമ്യാവിന്റെയൊക്കെ വയറിനെ കയ്പിച്ച വചനം ഇന്ന് രുചിയും മധുരവുമുള്ളതാക്കി മാറ്റുന്നു. വീട്ടില്‍ വയ്ക്കുന്ന ആഹാരം രുചി പോരാതെ തോന്നുന്നു പലര്‍ക്കും. അതുകൊണ്ട് ‘തട്ട്കടകള്‍’ കൂണുപോലെ മുളയ്ക്കുന്നു. നിരോധിക്കപ്പെട്ട പല പദാര്‍ത്ഥങ്ങളും രുചിക്കായി ചേര്‍ക്കുകയാണ് അവര്‍ ചെയ്യുന്നത്. ഫലമോ ലോകം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും ഭീതിജനകമായ ആരോഗ്യപ്രശ്‌നമായ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ സമൂഹത്തെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നു. ആത്മീകത്തിലും ഇത് തന്നെ സംഭവിക്കുന്നു!
പ്രശസ്തനായ സുവിശേഷ പ്രസംഗകന്‍ ഇ.എം. ബൗണ്ട്‌സ് പറഞ്ഞത് ‘ദൈവത്തിന് ഒരു പ്രസംഗകനെ, ഉളവാക്കണമെങ്കില്‍ ഇരുപത് വര്‍ഷം വേണമെന്നാണ്. ആ കാലം കൊണ്ടാണ് ഒരു പ്രസംഗകന്‍ വചനിശ്ചയം ഉണ്ടാകുകയും അനുഭവങ്ങളില്‍ തികഞ്ഞവനായി ഇരുത്തം വരുന്നത്. ജ്ഞാനം വിവേകം, പരിജ്ഞാനം എന്നിവയില്‍ ഈ കാലം കൊണ്ട് പരിശീലനം സിദ്ധിക്കുന്നു. ആ വളര്‍ച്ചയാണ് യഥാര്‍ത്ഥ ആത്മീക വളര്‍ച്ച. അതിന് കാത്തിരിപ്പ് അത്യാവശ്യമാണ്. എന്നാല്‍ ഇന്ന് പലര്‍ക്കും കാത്തിരിപ്പിന് മടിയാണ്. പെട്ടെന്ന് വളരാനും, പെട്ടെന്ന് അനുഗ്രഹിക്കപ്പെടുവാനും തിടുക്കം കാട്ടുന്നു പലരും. അതിന് കുറുക്കുവഴികള്‍ തേടുന്നു. ഇവിടെയാണ് നാട്ടിറച്ചിയെ കാട്ടിറച്ചിയാക്കി മാറ്റുന്ന ‘മസാല പ്രയോഗം’ നടക്കുന്നത്. തിന്ന് ശീലിച്ചവരെയാണ് അവര്‍ മറിച്ചുകളയുന്നത്. ദൈവവചനം നന്നായി അറിയാം എന്ന് അവകാശപ്പെടുന്നവര്‍ പോലും ഈ ആത്മീക തട്ടുകടകളിലേക്ക് ആള് കൂടുന്നത് കണ്ട് ആശ്ചര്യപ്പെടുന്നു. അത്ഭുതങ്ങള്‍, അടയാളങ്ങള്‍, പ്രൊഫസായ്, സാക്ഷ്യങ്ങള്‍ എന്നീ ‘മസാല കൂട്ടുകള്‍’ ഇന്ന് സുലഭമായി കിട്ടുന്ന കേന്ദ്രങ്ങള്‍ പല സംസ്ഥാനങ്ങളില്‍ തഴച്ചുവളരുന്നു. ഒരു മാസം അവരുടെ കസ്റ്റഡിയില്‍ തങ്ങളെ തന്നെ ഏല്‍പിച്ചു കൊടുത്താല്‍ ഇങ്ങനെയുള്ള യാക്കോബുമാരെ നല്ല ഒന്നാംതരം ‘കാട്ടിറച്ചി’യുമായി പുറത്തിറക്കാന്‍ ഈ അടുക്കളകള്‍, മത്സരിക്കുകയാണ്. അങ്ങനെയുള്ള അടുക്കളകളില്‍ നിന്ന് പുറത്തിറങ്ങിയ ‘വിളമ്പു’കാരാണ് അടൂരും കൊട്ടാരക്കരയിലും കോട്ടയത്തും ചങ്ങനാശ്ശേരിയിലും പുനലൂരുമൊക്കെ നല്ല പഞ്ചനക്ഷത്ര തട്ടുകടകള്‍ വിജയകരമായി നടത്തിവരുന്നത്.
‘കാട്ടിറച്ചി’ കൂടുതല്‍ ലഭിക്കുന്നതുകൊണ്ടാവാം വിളമ്പുകാര്‍ക്കും, കഴിക്കാന്‍ ചെല്ലുന്നവര്‍ക്കുമെല്ലാം മൃഗസ്വഭാവം കൂടിവരുന്നത്. തെറിയന്മാരും ശപിക്കുന്നവരും ഒക്കെ ഇന്ന് അതിന്റെ ഉല്പന്നങ്ങളായി സമൂഹത്തെ കാര്‍ന്നുതിന്നുന്നു. അവരില്‍ ചിലര്‍ ‘ബസ്സ്റ്റാന്‍ഡിനെ എയര്‍പോര്‍ട്ടാക്കി’ മാറ്റുന്നു. നാട്ടില്‍ കുമിഞ്ഞുകൂടുന്ന സമ്പത്തിന്റെ ഉറവിടം വെളിപ്പെടുത്തുവാന്‍ അറബ് രാജ്യങ്ങളില്‍ വ്യാജ ബിസിനസ് ആരംഭിക്കുന്നു.
ലാബാന്റെ ഭവനത്തില്‍ 20 വര്‍ഷങ്ങള്‍കൊണ്ട് നേടിയ ‘അനുഗ്രഹങ്ങള്‍’ എല്ലാം പെറുക്കി കെട്ടി യാക്കോബ് ഒരിക്കല്‍ തിരികെ പോന്നു. യാബ്ബോക്ക് കടവില്‍ തനിക്കുള്ളതെല്ലാം അക്കരെ കടത്തി അവന്‍ തനിയേ ശേഷിച്ചു. ആ രാത്രിയില്‍ അവന്‍ ദൈവത്തോട് കെഞ്ചിയത് യഥാര്‍ത്ഥ അനുഗ്രഹത്തിനുവേണ്ടിയാണ്. എന്തായിരുന്നു ആ അനുഗ്രഹം? ചേട്ടന്റെ കയ്യാലുള്ള മരണത്തില്‍ നിന്ന് വിടുതല്‍!എന്തെല്ലാം നേട്ടങ്ങള്‍ ഉണ്ടാക്കിയാലും മനുഷ്യന് ഏറ്റവും ഭയക്കേണ്ടതായ ഒന്നാണ് നിത്യമരണം. അതില്‍നിന്നുള്ള വിടുതലാണ് ക്രിസ്തുവില്‍കൂടി മനുഷ്യന് ലഭിച്ചത്. ബാക്കിയൊക്കെ ശവക്കുഴി വരെയേ എത്തുകയുള്ളൂ. ചതിച്ചതും വഞ്ചിച്ചതും മസാല ചേര്‍ത്ത് വിളമ്പി നേടിയതും എല്ലാം എല്ലാം അവിടെവരെ.
അപ്പന്റെ കൈയില്‍നിന്ന് അനുഗ്രഹം ‘അടിച്ചുമാറ്റി’ മകനെ യാത്രയയ്ക്കുമ്പോല്‍ ആ അമ്മ പറഞ്ഞിരുന്നു ‘ചേട്ടന്റെ കോപം ശമിക്കുമ്പോല്‍ ഞാന്‍ ആളയച്ചു വിളിപ്പിക്കാം. അന്ന് നീ എന്റെ അടുക്കല്‍ വരണം.’ യാക്കോബ് ഇരുപത് വര്‍ഷം കാത്തിരുന്നു അമ്മ ആളെ അയച്ച് വിളിപ്പിക്കുന്നത്. എന്നാല്‍ ഒരിക്കല്‍ പോലും അതുണ്ടായില്ല. ഒടുവില്‍ യാക്കോബ് അമ്മയെ തേടി അങ്ങോട്ട് യാത്ര തിരിച്ചു. ആ യാത്ര അവസാനിച്ചത് മക്‌പേല ഗുഹ എന്ന ശ്മശാനത്തിന്റെ മുമ്പിലായിരുന്നു. നാട്ടിറച്ചിയെ കാട്ടിറച്ചിയാക്കി മാറ്റുവാന്‍ ‘മസാല’ ചേര്‍ക്കുന്നവര്‍ ആ അമ്മയെ ഓര്‍ക്കുന്നത് നന്ന്.
ജോണ്‍സണ്‍ കുമ്പനാട്

Leave a Reply

Your email address will not be published. Required fields are marked *