Articles

സാത്താന്‍ ദൈവജനത്തിന്മേല്‍ ദൃഷ്ടി വയ്ക്കുന്നതെങ്ങനെ? പാസ്റ്റര്‍ കെ.ജോയി

ഇയ്യോബ് 1:8 ല്‍ ദൃഷ്ടി വയ്ക്കുക എന്ന പദത്തിന് പരിഗണിക്കുക എന്ന പദമാണ് ഇംഗ്ലീഷില്‍ ഉപയോഗിച്ചിരിക്കുന്നത്. സങ്കീര്‍ത്തനം 5:1 ലും 9:3ലും ഇതേ പദം തന്നെ ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. തന്റെ ജനത്തോടുള്ള കരുണ നിമിത്തം അവരെ സഹായിപ്പാനും ആപത്തില്‍ നിന്നും വിടുവിപ്പാനും ആലോചന പറഞ്ഞുകൊടുപ്പാനുമായി ദൈവത്തിന്റെ ദൃഷ്ടി അവരുടെ മേല്‍ ഇരിക്കുന്നു എന്ന ആശയം വെളിപ്പെടുത്തുവാനാണ് ഈ വാക്യങ്ങളില്‍ പദം ഉപയോഗിച്ചിരിക്കുന്നത് ദൃഷ്ടികള്‍ അവരുടെ മേല്‍ പതിക്കുന്ന അനുഭവമാണ് മേല്‍ പറഞ്ഞിരിക്കുന്ന വാക്യങ്ങളില്‍ പ്രകടമാകുന്നത് എന്നര്‍ത്ഥം. സങ്കീര്‍ത്തനം 32:8 ല്‍ ഞാന്‍ നിന്റെ മേല്‍ ദൃഷ്ടി വച്ച് നിനക്കു ആലോചന പറഞ്ഞു തരും.ഞാന്‍ നിന്നെ ഉപദേശിച്ച് നടക്കേണ്ടുന്ന വഴി നിനക്ക് കാണിച്ചു തരും . എന്ന പ്രസ്താവനയിലും എന്ന പദത്തിന്റെ അര്‍ത്ഥമാണ് പ്രകടമാകുന്നത്. എന്നാല്‍ ദുഷ്ടനായ സാത്താന്‍ ദൈവജനത്തിന്മേല്‍ ദൃഷ്ടി പതിപ്പിക്കുന്നത് അവരെ വല്ല വിധേനയും നശിപ്പിക്കുവാനാണ്. സാത്താന് വല്ല ഔദാര്യ മനോഭാവവും ഉണ്ടെങ്കില്‍ അത് തന്നോടുതന്നെയാണ്. മറ്റുള്ളവരെ ദ്രോഹിക്കുവാനുള്ള ചിന്തയല്ലാതെ മറ്റൊന്നും അവന്റെ അന്തരംഗത്തില്‍ ഇല്ല. ഉജ്ജ്വല പ്രഭയുള്ള മിന്നല്‍ പിണരുകളൊന്നും ഈ മഹാദുഷ്ടന്റെ മനോമണ്ഡലത്തിലൂടെ ഇതേവരെ ചിറകടിച്ചു പറന്നിട്ടില്ല. സഹായത്തിനുള്ള കൃപ ലഭിക്കേണ്ടതിനായി നാം കണ്ണുകള്‍ ഉന്നങ്ങളിലേക്ക് ഉയര്‍ത്തുന്നതുപോലെ സാത്താന്റെ കണ്ണുകളും അത് പതിയുന്ന സ്ഥാനങ്ങളും അതിന്റെ പിന്നിലുള്ള ഉദ്ദേശ്യങ്ങളും എല്ലാം തികച്ചും വിഭിന്നമാണ്. അത്യുന്നതന്റെ പ്രവര്‍ത്തികളെ കാണുമ്പോള്‍ അവന് ഭക്തിയല്ല പിന്നെയോ വിദ്വേഷമനോഭാവമാണ് ഉണ്ടാകുന്നത്. യഹോവ ഭക്തന്‍മാരുടെ സ്വസ്തതയും സമാധാനവും ഐശ്യര്യവും കാണുമ്പോള്‍ അവന്‍ പൂര്‍വ്വാധികം അസൂയാലുവായി മാറുന്നു. സ്വഭാവത്തില്‍ ചതിയനും രാജ്യ ദ്രോഹിയുമായ ഒരുവന്‍ നല്ല മനുഷ്യരുടെ സല്‍സ്വഭാങ്ങള്‍ കാണുമ്പോള്‍ സ്വന്തം ജീവിതത്തിലെ ദുഷ്ടതയും ഹീനതയും വിട്ടു മാറുവാന്‍ താല്പര്യപ്പെടാതെ കൂടുതല്‍ വഷളായിത്തീരുന്നതായിട്ടാണ് കണ്ടു വരുന്നത്. മഞ്ഞപ്പിത്തം ഉള്ളവന്‍ നോക്കിയാല്‍ എല്ലാം മഞ്ഞിച്ചിരിക്കും എന്നൊരു ചൊല്ല് മലയാളത്തിലുണ്ട്. ഇതു പോലെ മഹാവഞ്ചകനായ സാത്താന്‍ ഈ ലോകത്തിലുള്ള ആരെടും തന്നെ നല്ല ദൃഷ്ടികളോട് കാണുന്നില്ല.
യഹോവയുടെ അഭിഷിക്തന്മാരേയും വ്രതന്മാരേയും കാണുമ്പോള്‍ സാത്താന്‍ തന്റെ ഉള്ളത്തില്‍ ഇപ്രകാരം മന്ത്രിക്കുന്നുണ്ടായിരിക്കും “ അത്യുന്നതന്റെ നിയമനിര്‍മ്മാണ സഭയിലും ജനപ്രതിനിധി സഭയിലും ഒരു പ്രഭുവായി പരിലസിച്ചിരുന്ന ഞാന്‍ എന്റെ മുന്‍കാല പദവികളെല്ലാം നഷ്ടപ്പെട്ടവനായി ഇന്നത്തെ സ്ഥിതിയില്‍ എത്തിയിരിക്കുന്നു. ഞാന്‍ എത്ര കണ്ട് പരിശ്രമിച്ചാലും എനിക്ക് പൂര്‍വ്വകാലസ്ഥിതിയിലേക്കു ഇനിയും പറന്നുയരുവാന്‍ കഴിയുന്നതല്ല. അധോലോകത്തിലെ ചക്രവര്‍ത്തിയായി വാഴുന്നതാണ് ഇനിയും എനിക്ക് നല്ലത്. എനിക്കു തിരിച്ചു പോകുവാന്‍ കഴിയാത്ത ആ സാമ്രാജ്യത്തിലേക്ക് മനുഷ്യരായ ഇക്കൂട്ടര്‍ക്ക് എങ്ങനെ എത്തുവാന്‍ കഴിയും? എനിക്ക് നിവര്‍ന്ന് നില്‍ക്കുവാന്‍ കഴിയാത്ത ദൈവത്തിന്റെ മുമ്പില്‍ ഇവര്‍ക്ക് എങ്ങനെ നിവര്‍ന്ന് നില്‍ക്കുവാന്‍ കഴിയും? ഇവരില്‍ ഈ കൃപ പകരുവാന്‍ എന്താണ് കാരണം നവരത്‌നങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടവനായിരുന്ന ഞാന്‍ തല്‍ സ്ഥാനത്ത് നില്‍ക്കുവാന്‍ കഴിയാതെ വീണ് തകര്‍ന്ന് പോയി. പൊന്‍ പാത്രം വീണുതകര്‍ന്ന #സ്ഥാനത്ത് ഈ മണ്‍പാത്രങ്ങള്‍ എങ്ങനെ പിടിച്ചു നില്‍ക്കുന്നു? പരിശോധനകളും പ്രതികൂലങ്ങളും പീഡനങ്ങളും ദാരിദ്രൃവും എല്ലാം സഹിക്കേണ്ടി വന്നിട്ടും ഇക്കൂട്ടര്‍ ദൈവസന്നിധിയില്‍ വിശ്വസ്തതയോടെ നിലനില്‍പ്പാന്‍ കാരണമെന്ത്? ഇവരെ വഴിതെറ്റിക്കുവാന്‍ എങ്ങനെ കഴിയും? ഈ വിധത്തിലുള്ള ദ്രോഹചിന്തകളാണ് സാത്താന്റെ അന്തരംഗത്തിലുള്ളത് എന്ന് നാം മനസ്സിലാക്കണം.

Leave a Reply

Your email address will not be published. Required fields are marked *