Christian News Obituary

രക്തസാക്ഷികളുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നു.

ഭാരതത്തിലെ ക്രൈസ്തവരക്തസാക്ഷികളുടെ കുടുംബാംഗങ്ങളെ സംരക്ഷിക്കുവാന്‍ അഭയകേന്ദ്രവും, ലോകത്തിലെ ആദ്യ ക്രിസ്ത്യന്‍ രക്തസാക്ഷി മ്യൂസിയവും സ്ഥാപിക്കുവാന്‍ പേര്‍സിക്യൂഷന്‍ റിലീഫ് എന്ന പ്രസ്ഥാനം പദ്ധതി തയാറാക്കി. 2017 ല്‍ ഈ രണ്ട് പദ്ധതികളും യാഥാര്‍ത്ഥ്യമാകുമെന്ന് പേര്‍സിക്യൂഷന്‍ റിലീഫ് സ്ഥാപകനായ ഷിബു തോമസ് പ്രസ്താവിച്ചു.
2016 ല്‍ ഇന്ത്യയില്‍ നടന്ന 348 ക്രൈസ്തവ പീഢന കേസ്സുകളില്‍ നേരിട്ട് ഇടപെടുകയും പീഡിപ്പിക്കപ്പെട്ടവര്‍ക്ക് അടിയന്തിര സാമ്പത്തിക സഹായവും നിയമസഹായവും നല്‍കുകയും ചെയ്ത് പേര്‍സിക്യൂഷന്‍ റിലീഫ് എന്ന പ്രസ്ഥാനം ഈ രംഗത്ത് ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. ഇന്ത്യമുഴുവന്‍ വ്യാപിച്ചുകിടക്കുന്ന പതിനായിരത്തോളം ആളുകള്‍ അംഗങ്ങളായ നെറ്റ് വര്‍ക്ക് സൃഷ്ടിച്ചാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുവാന്‍ ഈ പ്രസ്ഥാനത്തിന് സാധിച്ചത്. ഇന്ത്യയുടെ ഏത് കോണില്‍ ക്രൈസ്തവപീഢനം നടന്നാലും മണിക്കൂറുകള്‍ക്കകം സഹായവുമായി പേര്‍സിക്യൂഷന്‍ റിലീഫിന്റെ അവിടെ എത്തിച്ചേരത്തക്ക ശക്തമായി കഴിഞ്ഞു ഈ പ്രസ്ഥാനത്തിന്റെ നെറ്റ് വര്‍ക്ക്. ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും ഷിബു തോമസ് സംസാരിക്കുന്നു.
? ഭാരതത്തില്‍ ക്രൈസ്തവപീഢനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പേര്‍സിക്യൂഷന്‍ റിലീഫിന്റെ പ്രവര്‍ത്തനപദ്ധതികള്‍ എങ്ങനെ വിപുലപ്പെടുത്താനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് ?
2015 ജൂലൈലാണ് ഞങ്ങള്‍ ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ 19 മാസം കൊണ്ട് അഞ്ഞൂറിലധികം കേസുകളാണ് ഞങ്ങള്‍ കൈകാര്യം ചെയ്തത്. 2016 ല്‍ മാത്രം 348 കേസുകള്‍. ഇന്ത്യയില്‍ മറ്റൊരു പ്രസ്ഥാനവും ഇത്ര കൃത്യമായും സൂക്ഷ്മമായും വേഗത്തിലും പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ല. ഞങ്ങള്‍ നാല് തലത്തിലാണ് പ്രശ്‌നങ്ങളെ സമീപിക്കുന്നത്.
ഇന്ത്യയുടെ ഏത് കോണിലും നടക്കുന്ന സംഭവങ്ങള്‍ ഒട്ടും വൈകാതെ അറിയുവാനുള്ള നെറ്റ് വര്‍ക്ക് സംവിധാനം ഞങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. വോളന്റിയറായി പ്രവര്‍ത്തിക്കുന്ന പതിനായിരത്തോളം അംഗങ്ങള്‍ ഈ നെറ്റ് വര്‍ക്കില്‍ ഉണ്ട്. അക്രമിക്കപ്പെടുന്നവര്‍ക്ക് അടിയന്തിര സാമ്പത്തിക സഹായം, നിയമ സഹായം, രാഷ്ട്രീയ ഇടപെടല്‍ ഒപ്പം പ്രാര്‍ത്ഥന ഈ നാല് സഹായങ്ങളാണ് ഞങ്ങള്‍ നല്‍കുന്നത്.
? ഇപ്പോള്‍ സ്ഥാപിക്കുവാന്‍ പോകുന്ന സംരക്ഷണ ക്രേന്ദ്രത്തെകുറിച്ച് ?
കൊല്ലപ്പെട്ട സുവിശേഷകന്മാരുടെ വിധവകള്‍, കുഞ്ഞുങ്ങള്‍ എന്നിവരെ സംരക്ഷിക്കുവാനുള്ള ഇടം. എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള ഒരു സംരക്ഷണ കേന്ദ്രം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം ‘പാറാന്‍’ എന്ന് നാമകരണം ചെയ്യുന്നു. ഈ പ്രൊജക്റ്റില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സ്ഥിരം സംരക്ഷിക്കുന്നതൊടൊപ്പം അവരുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസം നല്‍കുന്നതിനുള്ള പദ്ധതിയും ഒപ്പമുണ്ട്. കൂടാതെ വിവിധ സ്ഥലങ്ങളില്‍ പീഡിപ്പിക്കപ്പെടുകയോ ജയിലിലാക്കപ്പെടുകയോ ചെയ്യുന്നവരെ കുറേക്കാലത്തേക്ക് ഈ കേന്ദ്രത്തില്‍ താമസിപ്പിച്ചശേഷം അവരുടെ ഫീല്‍ഡിലേക്ക് മടങ്ങിപ്പോയി പ്രവര്‍ത്തിക്കാനുള്ള മാനസിക ധൈര്യവും പിന്തുണയും നല്‍കുക എന്നതും ഈ കേന്ദ്രത്തിന്റെ പദ്ധതികളിലൊന്നാണ്.
? രക്തസാക്ഷി മ്യൂസിയം എന്നതുകൊണ്ട് എന്താണ് ലക്ഷ്യമിടുന്നത് ?
അപ്പസ്‌തോലന്മാര്‍ തുടങ്ങി ഭാരതത്തില്‍ സമീപകാലത്ത് കൊല്ലപ്പെട്ടവര്‍ വരെയുള്ള രക്തസാക്ഷികളെ കുറിച്ചുള്ള ഡിജിറ്റല്‍ മ്യൂസിയം. ഒപ്പം രക്തസാക്ഷികള്‍ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ ഉദാഹരണമായി അവരുടെ സൈക്കിള്‍, വേദപുസ്തകം, സംഗീത ഉപകരണങ്ങള്‍ ഭാരത ക്രൈസ്തവ സഭയുടെ ചരിത്ര നിമിഷങ്ങളുടെ പുനരാവിഷ്‌കാരം എന്നിവയെല്ലാം ഈ മ്യൂസിയത്തില്‍ ഉണ്ടായിരിക്കും. 10 ഏക്കര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന മ്യൂസിയത്തോടനുബന്ധിച്ച് ക്യാമ്പ് സെന്ററും കോണ്‍ഫറന്‍സ് ഹാളും ഉണ്ടാകും. ഈ മ്യൂസിയം സന്ദര്‍ശിക്കുന്ന ഏതൊരു വ്യക്തിയും ജീവിക്കുന്നത് ക്രിസ്തു മരിക്കുന്നത് ലാഭം എന്ന പൗലോസിന്റെ തീരുമാനത്തോട് മടങ്ങണം എന്നതാണ് ലക്ഷ്യം.
? പേര്‍സിക്യൂഷന്‍ റിലീഫിന്റെ പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ കാലംകൊണ്ട് ഇത്ര വ്യാപകമായത് എപ്രകാരമാണ്?
ആത്മാര്‍ത്ഥമായി കഠിനാധ്വാനം ചെയ്തു സാമ്പത്തിക നേട്ടമോ മറ്റ് ലക്ഷ്യങ്ങളോ ഇല്ലാതെയുള്ള പ്രവര്‍ത്തനങ്ങളാണ് ഞങ്ങള്‍ നടത്തിയത്. വാര്‍ത്തകള്‍ യഥാസമയം ജനങ്ങളില്‍ എത്തിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. എട്ട് ഫെയ്‌സ് ബുക്ക് കൂട്ടായ്മകളും 15 വാട്‌സാപ്പ് ഗ്രൂപ്പുകളുമുണ്ട്. ഓരോ പോസ്റ്റും ഒരു ദിവസം കൊണ്ട് ഒരുലക്ഷം പേരോളം വീക്ഷിക്കുന്നു. ഇന്ത്യയില്‍ എല്ലാ സ്റ്റേറ്റിലും ശക്തമായ ടീം പ്രവര്‍ത്തിക്കുന്നു. എല്ലാ ഡിസ്ട്രിക്ടിലും കോ-ഓര്‍ഡിനേറ്റേഴ്‌സിനെ നിയമിച്ചിട്ടുണ്ട്. ഫുള്‍ ടൈം ഓഫീസും 24 മണിക്കൂര്‍ ടോള്‍ഫ്രീ നമ്പരും അനുബന്ധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
? ഒരു സംഭവം ഉണ്ടായാല്‍ എങ്ങനെയാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ?
കഴിവതും വേഗം ഞങ്ങളുടെ പ്രതിനിധി സംഭവസ്ഥലത്ത് എത്തും. ഉപദ്രവിക്കപ്പെട്ട ആളോടൊ അവരുടെ ഏറ്റവും അടുത്ത ബന്ധുക്കളോടോ ഫോണിലോ നേരിട്ടോ സംസാരിക്കും. ഈ വിവരങ്ങളും സംഭാഷണവും മുഴുവന്‍ റെക്കോര്‍ഡ് ചെയ്യും. അടുത്തത് പോലീസുമായി ബന്ധപ്പെടുകയാണ് ലഭിക്കാവുന്ന ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി കഴിവതും വേഗം പോലീസ് കസ്റ്റഡിയില്‍ നിന്ന് സുവിശേഷകരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കും. ക്രിസ്ത്യന്‍ ലീഗല്‍ അസോസിയേഷന്‍ പോലെയുള്ള ഏജന്‍സികളുടെ സഹായത്തോടെ നിയമസംരക്ഷണം ഉറപ്പാക്കും. പീഡിപ്പിക്കപ്പെട്ടവര്‍ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കും. ചിലകേസുകളില്‍ സംഭവം ഉണ്ടായ രാത്രിയില്‍ തന്നെ പണം ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കിയിട്ടുണ്ട്.
? നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നത് എങ്ങനെയാണ് ?
ഈ ആവശ്യങ്ങള്‍ക്കായി ഞങ്ങള്‍ ഇതുവരെ പിരിവുകള്‍ നടത്തിയിട്ടില്ല. എന്റെ ചില സ്‌നേഹിതര്‍ തന്ന സഹായങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. എങ്കിലും സഹായത്തിന്റെ സിംഹഭാഗവും എന്റെ വ്യക്തിപരമായ സാമ്പത്തിക നന്മകള്‍ ആയിരുന്നു. ഭാവിയില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാകുമ്പോള്‍ സാമ്പത്തിക ആവശ്യങ്ങള്‍ ഉണ്ടായേക്കാം തല്‍ക്കാലം ഞങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ല.
? ആരൊക്കെയാണ് നേതൃത്വത്തില്‍ ഉള്ളത് ?
എന്നൊടൊപ്പം ടോംസണ്‍ തോമസ് ജാര്‍ക്കണ്ഡിലെ റാഞ്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു. അദ്ദേഹമാണ് പ്രസ്ഥാനത്തിന്റെ ആള്‍ ഇന്ത്യാ കോ-ഓര്‍ഡിനേറ്റര്‍. ഭോപ്പാലിലെ ഓഫീസില്‍ സാബു തോമസും സിസ്റ്റര്‍ റീബാ തോമസും പ്രവര്‍ത്തിക്കുന്നു.
വോയ്‌സ് ഓഫ് ക്രിസ്ത്യന്‍സ് എന്ന പേരിലുള്ള പ്രതിമാസ വാര്‍ത്താപത്രികയും പ്രസിദ്ധീകരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *